ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ട്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 40 റൺസ് നേടി.
പതുങ്ങിയാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെയും എട്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു. തുടക്കം തന്നെ ഭാഗ്യം തുണച്ചെങ്കിലും ലഭിച്ച അവസരം മുതലാക്കാൻ കൊഹ്‌ലിക്കും കഴിഞ്ഞില്ല. 69 പന്തിൽ 17 റൺസ് മാത്രമാണ് കോഹ്‌ലിയുടെ സമ്പാദ്യം. പന്തിനു പുറമെ 26 റൺസ് നേടിയ ജഡേജയും 17 പന്തിൽ 22 റൺസ് നേടിയ ബുമ്രയും മാത്രമാണ് അല്പമെങ്കിലും ഇന്ത്യൻ സ്കോറിനെ ഉയർത്താൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഇന്നത്തെ കാളി അവസാനിക്കുമ്പോൾ 9 റണ്ണിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഉസ്മാൻ ഖവാജയെ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഈ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ആശ്വാസ തുടക്കം നൽകിയത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിലായാൽ മാത്രമേ വരാനിരിക്കുന്ന ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയുകയുള്ളു. സീനിയർ താരങ്ങൾ ഫോം ഔട്ട് ആകുകയും മറ്റുള്ള താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തതും ഇന്ത്യക്കു തിരിച്ചടിയാണ്. നായകൻ രോഹിത് ശർമ്മയെ ഈ ടെസ്റ്റിൽ ഉൾപെടുത്താത്തതും തുടരെയുള്ള പരാജയങ്ങൾ നേരിടുന്ന വിരാട് കൊഹ്ലിയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി തുലാസിലാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ ഈ ടെസ്റ്റ് ഇന്ത്യക്കു വിജയിച്ച തീരൂ.