വാഷിങ്ടൺ/തെൽഅവീവ്: ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരെ യുദ്ധക്കുറ്റം ചുമത്താനുള്ള ഐ.സി.സി നിർദേശത്തിൽ രൂക്ഷവിമർശനവുമായി യു.എസ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിദേശകാര്യ മന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള ചീഫ് പ്രോസിക്യൂട്ടറുടെ നിർദേശം അന്യായമാണെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ഇസ്രായേലും ഹമാസും തമ്മിലൊരു താരതമ്യമില്ലെന്നും ഗസ്സയിൽ നടക്കുന്നത് വംശഹത്യയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബൈഡൻ. ഐ.സി.സി നിർദേശം ഇസ്രായേലും തള്ളിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും വാറന്‍റിനെ സ്വാഗതം ചെയ്തു.കോടതി നിർദേശം അവഞ്ജയോടെ തള്ളുന്നുവെന്നായിരുന്നു ഇസ്രായേൽ പ്രതികരണം. കൂട്ടക്കൊലയാളികളായ ഹമാസിനെയും ജനാധിപത്യ ഇസ്രായേലിനെയും തുലനം ചെയ്ത നടപടിയെ തള്ളിക്കളയുന്നുവെന്ന് നെതന്യാഹു പറഞ്ഞു. നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും അഗ്നിക്കിരയാക്കുകയും കശാപ്പ് ചെയ്യുകയും ശിരഛേദം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയുമെല്ലാം ചെയ്ത ഹമാസിനെയും ന്യായമായ യുദ്ധം ചെയ്യുന്ന ഇസ്രായേൽ സൈനികരെയും എന്ത് ധിക്കാരത്തോടെയാണു നിങ്ങൾ താരതമ്യം ചെയ്യുന്നതെന്നും നെതന്യാഹു ചോദിച്ചു.
അതേസമയം, ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹമാസും ഫലസ്തീൻ സംഘടനകളും ആവശ്യപ്പെട്ടു. നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കാൻ ഐ.സി.സി ഏഴു മാസം വൈകിയെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നിർദേശത്തെ ഗസ മീഡിയ കാര്യാലയവും പി.എൽ.ഒയും വിമർശിച്ചു.