ഡൽഹി കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നാഡ തയാറാക്കിയ “റജിസ്‌റ്റേഡ് ടെസ്‌റ്റിങ് പൂളി’ൽ (ആർടിപി) മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ട്വൻ്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകൻ ശുഭ്‌മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരും പട്ടികയിലുണ്ട്.
ഇന്ത്യൻ പുരുഷ ടീമിൽനിന്ന് 11 പേരെയും വനിതാ ടീമിൽനിന്ന് മൂന്നു പേരെയുമാണ് ആദ്യ ഘട്ടമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരാണ് പട്ടികയിലുള്ള മറ്റു പുരുഷ താരങ്ങൾ. വനിതാ ടീമിൽനിന്ന് ഷഫാലി വർമ, ദീപ്തി ശർമ, രേണുക സിങ് താക്കൂർ എന്നിവരുമുണ്ട്. ‘റജിസ്റ്റേഡ് ടെസ്‌റ്റിങ് പൂളി’ന്റെ ഭാഗമായുള്ള താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറണം.