തുറവൂർ: തുറവൂർ – അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വീതി കൂട്ടി ടാർ ചെയ്യുമെന്ന് അധികൃതർ സമ്മതിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് സൂചന.നിലവിൽ വാഹനങ്ങൾ ഓടുന്ന ഭാഗം വീതി കൂട്ടാനും ടാർ ചെയ്യാനും കരാറിൽ വ്യവസ്ഥയില്ലെന്നാണ് കരാർ കമ്പനിക്കാരുടെ വാദം. പരാതി ഏറിയതോടെ ദേശീയപാതയിൽ നിന്ന് പൊടി ഉയരാതിരിക്കാൻ ഇടക്കിടക്ക് വെള്ളം വാഹനങ്ങളിൽ തളിക്കുന്നുണ്ട്. എന്നാൽ ജന വികാരം പരിഗണിച്ച് വീതി കൂട്ടാനും ടാർ ചെയ്യാനും തയാറല്ലെന്ന് തുറന്നുപറയാൻ അധികൃതർ മുതിരുന്നുമില്ല.
ഉയരപ്പാത നിർമാണത്തിന് വേണ്ടി ഇപ്പോൾ നടക്കുന്നത് തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണ്. തുറവൂർ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികളും കുറെ നടന്നിട്ടുണ്ട്. നിർമാണം ആരംഭിച്ച നാൾ മുതൽ നാലുവരിപ്പാതയുടെ മീഡിയൻ ഉൾപ്പെടെ ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ചു കൈവശപ്പെടുത്തിയാണ് കരാർ കമ്പനി നിർമാണ പ്രവൃത്തികൾ തുടരുന്നത്. ഇരുഭാഗത്തെയും ബാക്കിയായ ദേശീയപാത മാത്രമാണ് ഗതാഗതത്തിനായി അനുവദിച്ചത്.