കാസർകോട്: എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പല പാർട്ടികളും കൂട്ടായ്മകളും യു.ഡി.എഫിനു പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേരത്തെ എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നുമാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഖ്യാപിച്ചത്.
സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ഒരേ കാര്യം നിരന്തരം ആവർത്തിക്കുകയാണ്. 835 കേസെടുത്തിട്ട് 65 എണ്ണം മാത്രമാണു പിൻവലിച്ചത്. ലക്ഷക്കണക്കിനു രൂപയാണു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അടക്കേണ്ടിവന്നത്. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കേസ് പിൻവലിക്കാത്തത്. സി.എ.എ വിഷയത്തിൽ ഞങ്ങൾക്കെതിരെയും കേസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ പാസാക്കിയ നിയമം എങ്ങനെയാണ് കേരളത്തിൽ നടപ്പാക്കില്ലെന്നു പറയുക? പൗരത്വവുമായി ബന്ധപ്പെട്ട നിയമമല്ല അത്. വെറുതെ പറ്റിക്കാൻ വേണ്ടി പറയുകയാണ്. അതുകൊണ്ടാണ് നിയമം പിൻവലിക്കണമെന്ന് ഞങ്ങൾ പറഞ്ഞത്. സി.എ.എക്കെതിരെ രാഹുൽ ഗാന്ധി പലതവണ സംസാരിച്ചു. കോൺഗ്രസ് നിരവധി സ്ഥലത്ത് നൈറ്റ് മാർച്ച് നടത്തിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.