കോട്ടയം: എ.ഐ കാമറ ജനങ്ങളുടെ പോക്കറ്റിലേക്ക് മാത്രമാണോ ഫോക്കസ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊല്ലത്തും തിരുവനന്തപുരത്തും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടും കൊട്ടിഘോഷിച്ച് സ്ഥാപിച്ച എ.ഐ കാമറകളില്‍ ഒരു ദൃശ്യം പോലും പതിഞ്ഞില്ല. ക്രിമിനലുകളുടെ നീക്കം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആരാണെന്നും എന്തിനാണെന്നും അറിയാനുള്ള ഉത്കണ്ഠ കേരളത്തിനുണ്ട്. ഈ സംഭവങ്ങള്‍ കേരളത്തിലെ മാതാപിതാക്കഴള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ നേതാക്കളാണ് ഉഴവൂരില്‍ എസ്.ഐയുടെ കരണക്കുറ്റിക്ക് അടിച്ചത്. ചാലക്കുടിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും എസ്.ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നും ഡി.വൈ.എഫ്.ഐ നേതാവ് പ്രസംഗിച്ചു. പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐക്കാരനെ സി.പി.എം ലോക്കല്‍ സെക്രട്ടറി പൊലീസ് ജീപ്പില്‍ നിന്നും ഇറക്കിക്കൊണ്ടു പോയി.
ആര്‍ക്കും എതിരെ ഒരു കേസുമില്ല. പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഈ ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വിട്ടത്. പൊലീസുകാരന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചിട്ടും നടപടി എടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നാണമുണ്ടോ.
കക്കൂസ് കഴുകാന്‍ പൊയ്ക്കൂടെയെന്ന് ആക്ഷേപിച്ച എസ്.എഫ്.ഐ സെക്രട്ടറിയെ ചേര്‍ത്തുപിടിച്ചാണ് ഡി.വൈ.എസ്.പി കൊണ്ടു പോയത്. അതേസമയം ഞങ്ങളുടെ കുട്ടികളുടെ കഴുത്തിന് പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പെണ്‍കുട്ടികളുടെ മുടിയില്‍ ചവിട്ടുകയും മൂക്കിന്റെ പാലവും കൈയും ഒടിക്കുകയും ചെയ്തു. പൊലീസിന് ഇരട്ടത്താപ്പാണ്. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ ക്രിമിനലുകളെ താരാട്ടുപാടി കൊണ്ടു നടക്കുകയാണ് പൊലീസ്. അതിനുള്ള പ്രതിഫലം പൊലീസിന് കിട്ടുന്നുമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ് ഇതിന്റെ നാണക്കേടെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.