തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ് പി, കേരള കോൺഗ്രസ് എം പാർട്ടികൾ.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാതിരുന്നത്… പുതിയ നയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മീഷന്റെ ചോദ്യത്തോടാണ് മൂന്ന് പാർട്ടികളും പ്രതികരിക്കാതിരുന്നത്. ഈ പാർട്ടികൾ ഭാഗമായ ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും മുന്നണികൾ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വരുമ്പോഴാണ് ഇവർ നിലപാട് വ്യക്തമാക്കാതിരുന്നതെന്നാണ് ശ്രദ്ധേയം.
രാജ്യത്തെ ഒട്ടുമിക്ക അംഗീകൃത പാർട്ടികളോടെല്ലാം തന്നെ കമ്മീഷൻ അഭിപ്രായം തേടിയിട്ടുണ്ട്. ഇതിൽ എൻ ഡി എ ചേരിയിലേത് ഉൾപ്പെടെ 32 പാർട്ടികൾ ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചപ്പോൾ 15 പാർട്ടികൾ എതിർത്തു. മുസ്ലിം ലീഗ്, ആർ എസ് പി, കേരള കോൺഗ്രസ് എം പാർട്ടികൾ എന്നിവരോടൊപ്പം മറ്റ് 12 പാർട്ടികളും കമ്മീഷന്റെ ചോദ്യത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലദേശീയ പാർട്ടികളുടെ കാര്യത്തിൽ ബി ജെ പിയും എൻ പി പിയും മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്. മറുവശത്ത് കോൺഗ്രസ്, സി പി എം, ബി എസ് പി, എസ് പി, എ എ പി പാർട്ടികൾ നയത്തെ എതിർക്കുന്നു. ഇന്ത്യാ സംഖ്യത്തിലെ പ്രധാന കക്ഷിയായ എൻ സി പിയും എൻ ഡി എ സഖ്യത്തിലെ ടി ഡി പിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.അതേസമയം, രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബി ജെ പിയുടെ ദേശീയതയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചു. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് നേരിട്ട് ഭരണം ഏർപ്പെടുത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. ഏകാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു..