തിരുവനന്തപുരം: ഒരുകാലത്ത് നഗരത്തിന്റെ മാലിന്യസംഭരണ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വിളപ്പിൽശാലയിലെ മാലിന്യ ഫാക്ടറിയുടെ സ്ഥലത്ത് മിനി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതി അനിശ്ചിതത്വത്തിലേക്ക്. കഴിഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.എന്നാൽ, 400 കോടിയുടെ ബൃഹദ്‌പദ്ധതി ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്.ജോലികൾ താത്കാലിമായി നിറുത്തിവച്ചതായി കോർപ്പറേഷൻ അധികൃതരും സമ്മതിച്ചു. 5 വർഷം കൊണ്ട് ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഉപേക്ഷിക്കലിന്റെ വക്കിലെത്തി നിൽക്കുന്നത്.രണ്ടുവർഷം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ, ഇതുവരെ നിർമ്മിച്ചത് ചുറ്റുമതിലും അതിനുള്ളിലെ റോഡുകളും മാത്രം.അതേസമയം,പദ്ധതി നടപ്പാക്കാൻ തടസങ്ങൾ നേരിടുകയാണെങ്കിൽ ചെലവിൽ 20 ശതമാനത്തോളം വർദ്ധനയുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.