കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിനസ്ഥാനവും ലിബറൽ പാർട്ടി അധ്യക്ഷ സ്ഥാനവും രാജി വെച്ചു. വരുന്ന ബുധനാഴ്ച ലിബറൽ പാർട്ടി നേതാക്കളുടെ യോഗം നടക്കാനിരിക്കവെയാണ് ഈ അപ്രതീക്ഷിത നീക്കം. പാർട്ടിക്കുള്ളിൽ തന്നെയുള്ള വിഷയങ്ങളും അസ്വാരസ്യങ്ങളുമാണ് രാജിയിലേക്കു നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 9 വർഷമായി ട്രൂഡോ കനേഡിയൻ പ്രധാന മന്ത്രിയാണ്. ഈ വര്ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജി വെച്ച ശേഷം അദ്ദേഹം കെയർടേക്കർ പ്രധാനമന്ത്രിയായി തുടരും. തന്റെ വസതിക്കു പുറത്തു വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്.
നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്നും ധനമന്ത്രി സ്ഥാനത്തുനിന്നും ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. 2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവും പിയറി നടത്തുന്നുണ്ട്.
തന്റെ രാജി പ്രഖ്യാപന വേളയിൽ എതിരാളിയായ പിയറിയെ വിമർശിക്കാനും ട്രൂഡോ മറന്നില്ല. “കാനഡയെക്കുറിച്ചുള്ള പിയറിയുടെ വീക്ഷണങ്ങൾ ശെരിയല്ല. വൈവിധ്യത്തിന്റെ മൂല്യങ്ങളിൽ നിന്നും ഓടിയൊളിക്കുന്നതു ശെരിയായ രീതിയുമല്ല. നമുക്ക് വേണ്ടത് ആശാവഹമായ, പുരോഗമനപരമായ, വിശ്വാസമുള്ള ഒരു ഭാവി വീക്ഷണമാണ് പക്ഷെ നിർഭാഗ്യവശാൽ പിയറിയുടെ ചിന്തകളിൽ അവ കാണാനാകുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു.
Justin Trudeau| Canada Prime Minister|