കേരളത്തിൽ യുവാക്കളിൽ ഹൃദ്രോഗം മൂലം മരണപ്പെടുന്നവർ നിരവധിയായി മാറിയിരിക്കുകയാണ്. ഐ.ടി, ബിസിനസ്, ഹെൽത്ത് സെക്‌ടർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഇതിന് ഇരയായി മാറുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് ഇവിടങ്ങളിലെല്ലാം പ്രധാന വില്ലനായി മാറുന്നത്. സ്ട്രെസ്സ് ഈറ്റിംഗ് എന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ ഈ അവസ്ഥയെ വിളിക്കുന്നത്.അമിത മാനസിക സമ്മർദ്ദം മറികടക്കാൻ ഭക്ഷണത്തിൽ അഭയം പ്രാപിക്കുന്ന സ്വഭാവം ലിംഗ ഭേദമന്യേ ഇന്ന് കണ്ടു വരുന്നുണ്ട്. ജോലിഭാരം മൂലമോ വ്യക്തിഗതമായ സമ്മർദ്ദങ്ങൾ മൂലമോ മനസ് തളരുമ്പോൾ അമിതമായ ഭക്ഷണം, അതും അനാരോഗ്യകരമായ ഭക്ഷണം വാങ്ങിക്കഴിക്കുന്ന ശീലം ചെറുപ്പക്കാരിൽ കൂടിവരുന്നു. ഇതോടൊപ്പം പുകവലിയും മദ്യപാനവും അടങ്ങുന്ന ശീലങ്ങൾ കൂടിയാകുമ്പോൾ പ്രശ്‌നങ്ങൾ സങ്കീർണമാകുന്നു. ഇങ്ങനെ മാനസികസമ്മർദ്ദം വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെയാണ് സമ്മർദ്ദ ആഹരണം (stress eating) എന്നു പറയുന്നത്.മാനസിക സമ്മർദ്ദം അമിതമാകുമ്പോൾ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്‌പാദനം വർദ്ധിക്കുന്നു. ഇത് വയർ എരിച്ചിലുണ്ടാക്കുകയും ഭക്ഷണം കഴിക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ചില മസ്‌തിഷ്‌ക രാസവസ്‌തുക്കളുടെ അളവിലെ വ്യതിയാനം കൂടിയാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത തീവ്രമാകുന്നു. മാനസിക സമ്മർദ്ദം കൂടുമ്പോൾ രുചികൾ തീവ്രമായുള്ള ഭക്ഷണം കഴിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എരിവ്, മധുരം, ഉപ്പ് എന്നിവയൊക്ക കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ അത് രസമുകുളങ്ങളെ കൂടുതലായി ഉത്തേജിപ്പിക്കുകയും തലച്ചോറിലെ രാസവസ്തുക്കളെ സ്വാധീനിക്കുകയും ചെയ്യുന്നു. ജങ്ക് ഫുഡ് എന്ന വിഭാഗത്തിലെ ഭക്ഷണങ്ങൾ എല്ലാം ഇത്തരത്തിൽ മസാല , എരിവ് എന്നിവ കൂടുതലുള്ളതായിരിക്കും. ഇത്തരം ഭക്ഷണം അനിയന്ത്രിതമായി കഴിക്കാനുള്ള പ്രവണതയും കൂടുന്നു.അമിത സമ്മർദ്ദത്തിന്റെ ഫലമായി രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും ഉണ്ട്. ഉറക്കം കിട്ടാതാവുമ്പോൾ വയറ്റിൽ എരിച്ചിലുണ്ടാവും. ഈ ഘട്ടത്തിൽ മധുരം അല്ലെങ്കിൽ എരിവ് കൂടുതലുള്ള ഭക്ഷണം ആവർത്തിച്ചാവർത്തിച്ച് കഴിക്കാനുള്ള പ്രവണതയും ഉണ്ടാകുന്നു. രാത്രിയിലെ ഉറക്കക്കുറവ് മറികടക്കാൻ പലരും മൊബൈൽ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സമാന്തരമായി ജങ്ക് ഫുഡ് അകത്താക്കുന്ന ശീലമുള്ളവരാണ് ഭൂരിപക്ഷവും. വിഷാദരോഗത്തിന്റെ ഭാഗമായും നാം ഭക്ഷണം കഴിക്കും. മാനസിക സമ്മർദ്ദവും വിഷാദവുമൊക്കെ തൽക്കാലത്തേക്ക് ശമിപ്പിക്കാൻ ഭക്ഷണം സഹായിച്ചേക്കാം. എന്നാൽ കുറച്ചു കഴിയുമ്പോൾ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിച്ചതിന്റെ ഫലമോ അമിതവണ്ണം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം , പ്രമേഹം എന്നിവയുടെ പിടിയിലാവുകയും ചെയ്യും.