കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ച് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിനും ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
സന്ദീപ് ഘോഷിനെതിരെ അഴിമതിക്കേസിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് ഇന്ന് രാവിലെ നിസാം പാലസിലെ സിബിഐ ഓഫീസിലെത്തി സന്ദീപ് ഘോഷ് എല്ലാ രേഖകളും എസ്‌ഐടി കൈമാറിയതായി സിബിഐയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
സന്ദീപ് ഘോഷ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് ആശുപത്രിയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാനം രൂപീകരിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു.സിബിഐ എസ്‌ഐടിയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശേഖരിച്ചിരുന്നു.