കോന്നി: ആനത്താവളത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കുംകിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞ സംഭവം എരണ്ടകെട്ടിലെ പിൻ കെട്ട് പൊട്ടി അണുബാധയുണ്ടായതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ഫോറസ്റ്റ് വെറ്ററിനറി സജ്ജൻമാരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് ഈ നിഗമനം.ആനയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധന ഫലങ്ങൾ പുറത്തുവന്നെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടേകാലോടെ കോന്നി ആനത്താവളത്തിലെ തറിയിലാണ് കരിവീരൻ കുഴഞ്ഞുവീണത്. കഴിഞ്ഞ രണ്ടാഴ്ചയായി എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു.ഏപ്രിൽ 15നാണ് എരണ്ടകെട്ട് ബാധിച്ചത്. അന്നു മുതൽ വനം വകുപ്പ് അസി. വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ, ഡോ. ആനന്ദ്, ഡോ. ശശീന്ദ്രൻ, ഡോ. സിബി, ഡോ. ബിജു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മതിയായ ചികിത്സകൾ ചെയ്തിരുന്നുവെങ്കിലും ആനയുടെ ജീവൻ രക്ഷിക്കാനായില്ല.