ഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സീറ്റ് വിഭജനം പൂർത്തിയാക്കാൻ മഹാരാഷ്ട്രയിൽ എൻഡിഎ – ഇന്ത്യ സഖ്യങ്ങൾക്ക് സാധിച്ചിട്ടില്ല. ശിവസേനയുമായി സീറ്റുകളിൽ ധാരണയിലെത്താനാകാത്തതാണ് ഇരു സഖ്യത്തിലും പ്രഖ്യാപനം വൈകാൻ കാരണം. മഹാവികാസ് അഘാഡിയിൽ നിന്നും പ്രകാശ് അംബേദ്ക്കർ പോയെങ്കിലും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ആശ്വാസമായി. രാജ് താക്കറെയുടെ വരവോടെ പരമ്പരാഗത ശിവസേന വോട്ടുകൾ പിടിച്ചെടുക്കാം എന്ന ധാരണയിലാണ് ബിജെപി. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ സാഗ്ലിയിൽ ശിവസേന സ്ഥാനാർത്ഥിയെ നിർത്തിയതും ശിവസേനയുടെ കോട്ടയായ കോലാപൂരിൽ ശാഹു മഹാരാജിനെ നിർത്തിയതും പ്രതിപക്ഷ നിരയിൽ സീറ്റു വിഭജനം നീളുന്നതിന് ഇടയാക്കി.