അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ താന്‍ പരാജയപ്പെടുത്തിയ കമലാഹാരീസിനെ പരിഹസിചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ ജോ ബൈഡനേയും സത്യപ്രതിജ്ഞക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ ട്രംപ് പരിഹസിക്കുകയുണ്ടായി. ജോ ബൈഡന്‍ സര്‍ക്കാരിന്റെ 78 ഉത്തരവുകള്‍ മരവിപ്പിച്ചതിന് ശേഷം ഒപ്പിട്ട പേന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ് ആവേശം കാണിക്കാനും ഡൊണാൾഡ് ട്രംപ് മടിച്ചില്ല. അമേരിക്കയില്‍ വീണ്ടും പ്രഭാതമായി എന്ന പ്രശസ്തമായ രാഷ്ട്രീയ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ട്രംപ് പ്രസംഗിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 1984 ല്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗനാണ് ഈ പരസ്യവാചകം ഉപയോഗിച്ചത്. വളരെ ശാന്തമായ സ്വരത്തിലാണ് ട്രംപ് പ്രസംഗിച്ചു തുടങ്ങിയത്. ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ട്രംപ് അമേരിക്കയുടെ സുവര്‍ണകാലഘട്ടം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
എട്ട് വര്‍ഷം മുമ്പാണ് ആദ്യമായി ട്രംപ് പ്രസിഡന്റായി ചമുതലയേറ്റത്, ഇപ്പോൾ രണ്ടാം വട്ടം പ്രസിഡന്റായി ട്രംപ് എത്തുമ്പോള്‍ അദ്ദേഹം ഏറെ പക്വത കൈവരിച്ചതായി പലരും വിലയിരുത്തുന്നു. ട്രംപിന്റെ എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കുമെന്നാണ് അവര്‍ കരുതുന്നത്. താനൊരു സമാധാനകാംക്ഷിയും എല്ലാവരയേും ഒരുമിച്ച് കൊണ്ട് പോകണമെന്ന് ആശിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും ട്രംപ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
അപമാനിതനായിട്ടാണ് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നതെന്ന് ട്രംപ് വിമര്‍ശിച്ചു. 1984 ല്‍ ഇറാന്‍ തട്ടിക്കൊണ്ട് പോയി 444 ദിവസം ബന്ദികളാക്കിയവരെ റൊണാള്‍ഡ് റീഗന്‍ തിരികെ കൊണ്ട് വന്നത് പോലെ താന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ ആരംഭിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. ജോ ബൈഡന്‍ ജിമ്മി കാര്‍ട്ടറിനെ പോലെ ദുര്‍ബലനായ ഭരണാധികാരി ആയിരുന്നു എന്ന് കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ അമേരിക്കയുടെ തകര്‍ച്ചക്ക് കാരണക്കാരന്‍ എന്നും വിശേഷിപ്പിച്ചു. സ്വന്തം കുടുംബക്കാര്‍ക്ക് അധികാരം ഒഴിയുന്നതിന് മുമ്പ് മാപ്പ് നല്‍കിയ പ്രസിഡന്റാണെന്നും പരിഹാസം ഉയർത്തി. കമലാ ഹാരീസിനേയും പരിഹസിക്കാൻ ട്രംപ് ഒരു മടിയും കാണിച്ചില്ല.
.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റായി ചമുതലയേറ്റതിന് തൊട്ടു പിന്നാലെ നിരവധി പരിഷ്‌ക്കാരങ്ങളാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 200 ഓളം ഉത്തരവുകളാണ് കഴിഞ്ഞദിവസം മാത്രം പുറത്തിറങ്ങിയത്. കുടിയേറ്റ നിയമങ്ങള്‍ മുതല്‍ ലിംഗസമത്വം വരെയുള്ള നിരവധി മേഖലകളിലാണ് ട്രംപ് പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നത്.
സത്യപ്രതിജ്ഞക്ക് തൊട്ടു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ചരിത്രപരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. അമേരിക്കയിലെ പല സ്ഥാപനങ്ങള്‍ക്കും പുതിയ പേരുകള്‍ നല്‍കുകയും ചിലതിന്റെ പഴയ പേരുകള്‍ തിരികെ നല്‍കുകയും ചെയ്തു. ട്രംപിന്റെ പത്തോളം ഉത്തരവുകള്‍ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടായിരുന്നു. കൂടാതെ ട്രാന്‍സ്ജെന്‍ഡറുകളേയും ട്രംപ് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇനി മുതല്‍ അമേരിക്കയില്‍ സ്ത്രീയും പുരുഷനും എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുളളൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ജോ ബൈഡന്‍ ഭരണകൂടം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഇനി മുതല്‍ ഗള്‍ഫ് ഓഫ് അമേരിക്ക എന്നായിരിക്കും. ഈ തീരുമാനം മെക്സിക്കോയുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ടിക്ക്-ടോക്കിനെ അമേരിക്കയില്‍ നിലനിര്‍ത്താനാണ് അടുത്ത തീരുമാനം. സുപ്രീംകോടതി വിധിയെ മറമികടന്നാണ് ട്രംപ് ടിക്ക്-ടോക്കിനെ അമേരിക്കയിൽ നിലനിർത്താൻ ശ്രമിക്കുന്നത്.
എന്നാല്‍ ഈ ചൈനിസ് ആപ്പ് ചൈന ചാരപ്രവര്‍ത്തനം നടത്താനായി ഉപയോഗിക്കുന്നു എന്നാണ് ട്രംപിന്റെ എതിരാളികള്‍ കുറ്റപ്പെടുത്തുന്നത്. അമേരിക്കക്ക് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ ഇനി മുതല്‍ പണം നല്‍കേണ്ടതില്ലെന്നും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഐക്യാരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും അമേരിക്ക ഇനി മുതല്‍ ധനസഹായം നല്‍കില്ല. ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
ഭീകരസംഘടനയായ ഹമാസുമായി ഈ പ്രസ്ഥാനത്തിന് ബന്ധമുള്ളതായി നേരത്തേ ആരപോപണം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം ലഭിക്കുന്നതും റദ്ദാക്കി. അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ വ്യക്തികളുടെ മക്കള്‍ക്ക് അമേരിക്കയില്‍ വെച്ചാണ് ജനനം എങ്കില്‍ അവര്‍ക്ക് പൗരത്വം ലഭിക്കുന്നത് റദ്ദാക്കി. അമേരിക്കയിലെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഇതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അനധികൃതമായി കടന്നുകയറിവരെ തിരിച്ചയക്കാന്‍ വേണ്ടി വന്നാല്‍ സൈന്യത്തെ നിയോഗിക്കുമെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു.