ഇനി മുതൽ അഞ്ച് നാൾ തിരുവനന്തപുരം ‘തിരു ആനന്ദ പുരം’ ആകും. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം ടി യ്ക്ക് ആദരസൂചകമായി പേര് നൽകിയിട്ടുള്ള സെൻട്രൽ സ്റ്റേഡിയം വേദി 1 ‘നിള’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഗാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. നദികളുടെ പേര് നൽകിയിട്ടുള്ള 25 വേദികളിലായി പതിനയ്യായിരത്തോളം കുട്ടികലാകാരന്മാർ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും.
മത്സരയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാർത്തുകൾക്കു 1000 രൂപ സ്കോളർഷിപ്പും നൽകും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ. മത്സര ഫലങ്ങൾ വേദികൾക്കരികിലുള്ള ഡിജിറ്റൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. പുത്തരിക്കണ്ടത് സജ്ജീകരിച്ചിട്ടുള്ള വിശാലമായ ഊട്ടുപുരയിൽ ഒരേ സമയം 4000 പേർക്ക് ആഹാരം കഴിക്കാം.