അദാനി ഗ്രൂപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺ തന്നെയാണ് ഈ വിവരം പൊതുസമൂഹത്തെ അറിയിച്ചത്. 2017ൽ പ്രവർത്തനം ആരംഭിച്ച ഹിൻഡൻബർഗ് പല വ്യവസായ ഭീമന്മാരുടെയും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളായിരുന്നു ഹിൻഡൻബർഗിനെ ഇന്ത്യക്കാരിൽ ഏറെ പ്രചാരമുണ്ടാക്കിയതും പ്രശസ്തമാക്കിയതും. അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷവും കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്നുള്ള ഒരു റിപ്പോർട്ട് അവർ പുറത്തുവിട്ടിരുന്നു. പല സാമ്രാജ്യങ്ങളുടെയും തറക്കല്ലിളക്കാൻ കഴിഞ്ഞെന്നും പ്രതീക്ഷിച്ചിരുന്ന മടക്കമാണിതെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും പറഞ്ഞുകൊണ്ടാണ് ആൻഡേഴ്സൺ സ്ഥാപനം പൂട്ടുകയാണെന്ന കാര്യം തുറന്നുപറഞ്ഞത്.