പത്തനംതിട്ട: പത്തനംതിട്ട എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഡോ.ടിഎം തോമസ് ഐസക് രംഗത്തെത്തി. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുണ്ടെന്നും കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമം. ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണ്. വിശദീകരണ നോട്ടീസിന് കളക്ടർക്ക് മറുപടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.