മാനന്തവാടി: നക്സലൈറ്റ് പ്രസ്ഥാന നേതാവ് മാനന്തവാടി വാളാട് കുന്നേൽ കൃഷ്ണൻ ( 85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.
തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948 ലാണ് വയനാട്ടിൽ മാനന്തവാടിക്കടുത്ത് വളാട്ടെത്തുന്നത്. മാനന്തവാടി ഹൈസ്കൂൾ പഠനകാലത്ത് കെ.എസ്.എഫിൽ ചേർന്ന് സഖാവ് എ. വർഗീസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. 1960 കളുടെ ഒടുവിൽ സി.പി.എം പിളർന്നപ്പോൾ നക്സൽബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണൻ അന്ത്യംവരെ നക്സൽബാരിയുടെ രാഷ്ട്രീയ പാത പിന്തുടർന്നു.