ചെന്നൈ: കേന്ദ്രത്തിനെതിരെ വിമർശനവുമായി തമിഴ്നാട് കായിക മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാർ നികുതി വിഹിതം അനുവദിക്കുന്നതിലെ വിവേചനത്തെയാണ് ഉദയനിധി വിമർശിച്ചത്. സംസ്ഥാനം നികുതിയായി അടക്കുന്ന ഓരോ രൂപക്കും 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നൽകുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇനി നമ്മൾ പ്രധാനമന്ത്രിയെ 28 പൈസ പ്രധാനമന്ത്രി എന്ന് വിളിക്കണമെന്നും ഉദയനിധി പരിഹസിച്ചു. രാമനാഥപുരത്തും തേനിയിലും നടന്ന വ്യത്യസ്ത തെരഞ്ഞെടുപ്പ് റാലികളിലാണ് ഉദയനിധി കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ചത്.
തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. ഫണ്ട് വിഭജനം, വികസന പദ്ധതികൾ, സംസ്ഥാനത്തെ നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കുന്നതെന്നും ഉദയനിധി കുറ്റപ്പെടുത്തി.