കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി അർജുൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്യാപിക്കും. സെക്ഷൻ 302 ഐ.പി.സി(കൊലപാതകം),449 ഐ.പി.സി ഭവനഭേദനം) 201 ഐ.പി.സി( തെളിവ് നശിപ്പിക്കൽ)’ എന്നീ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ല സെഷൻസ് അഡ്ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാർ കണ്ടെത്തിയത്.2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ റിട്ട. അധ്യാപകൻ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടിൽ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വയറിനും തലക്ക് വെട്ടും കുത്തുമേറ്റ കേശവൻ സംഭവസ്ഥലത്ത് മരിച്ചു.നെഞ്ചിനും കഴുത്തിനും ഇടയിൽ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീർവാരം സ്കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവൻ. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.2021 ജൂൺ ഒമ്പതിനു മാനന്തവാടി ഡിവൈ.എസ്.പിയുടെ കാര്യാലയത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അർജുൻ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.