അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേവലയിൽ കറങ്ങി നടക്കുന്ന പടയപ്പയെ തുരത്താൻ വനം വകുപ്പ് തീരുമാനം. ഇതിൻ്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ കണ്ടെത്താനും വിദഗ്ധ പരിശീലനം ലഭിച്ച ആർ.ആർ.ടി ടീമിനെ ഉപയോഗിച്ച് തീറ്റയും വെള്ളവുമുള്ള ഉൾവനത്തിലേക്ക് തുരത്താനുമാണ് വനം വകുപ്പിന്റെ ശ്രമം. രണ്ട് ദിവസത്തിനിടെ ആറ് കടകൾ തകർത്ത പടയപ്പ ഒരു മാസത്തിനിടെ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി. കൂടാതെ റേഷൻ കടകൾക്ക് നേരെയും പടയപ്പ അധിക്രമങ്ങൾ തുടരുകയാണ്. ഇതാണ്ജനവാസമേഖലയിൽ വീണ്ടും പടയപ്പ കാട്ടിലേക്ക് തുരത്താൻ ശ്രമം ആരംഭിക്കാൻ കാരണം. ഉൾകാട്ടിലേക്ക് തുരത്താനുള്ള ശ്രമം ചൊവ്വാഴ്ച മുതൽ തുടങ്ങി. മേഖലയിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സി.സി.എഫ് ആർ.എസ്. അരുണാണ് നിർദേശം നൽകിയത്. ഉൾകാട് അധികമില്ലാത്ത പ്രദേശത്താണ് ഇപ്പോൾ പടയപ്പയുള്ളത്. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉൾകാട്ടിലേക്ക് കൊണ്ടുവിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്തനാണ് നീക്കം.
തൽകാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ആർ.ആർ.ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും.മാട്ടുപ്പെട്ടിയിലും തെൻമലയിലും ചൊവ്വാഴ്ചയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആനജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.