63മത് സംസ്ഥാന സ്കൂൾ കലോത്സവം
സ്പെഷ്യൽ സ്റ്റോറി
കലോത്സവ വേദിയെ തന്റെ ശബ്ദമാധുര്യത്താൽ അലിയിച്ചു ലളിത ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കി ആൻ മരിയ എന്ന കൊച്ചു മിടുക്കി. പാട്ട് പഠിക്കാതെ തന്റെ അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുന്നത് കേട്ട് പഠിച്ചാണ് ആൻ മരിയയുടെ തുടക്കം. മകൾ ഇതുവരെ തന്നിൽ നിന്നും പാട്ട് പഠിക്കണം എന്ന് പറഞ്ഞിട്ടില്ല, പക്ഷെ തന്റെ ക്ലാസ് കേട്ട് മാറിയിരുന്ന പാടുന്ന മകളുടെ പാട്ട് അമ്മ കേൾക്കുകയും ആ കഴിവ് തിരിച്ചറിയുകയും ആയിരുന്നു എന്നാണ് അമ്മ പറയുന്നത്. അമ്മ ലീന പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഗായികയാണ്. ഇവർക്കു പിന്തുണയും പ്രോത്സാഹനവും നൽകികൊണ്ട് ലീനയുടെ കൂടെ സംഗീത കോളേജിൽ ഒരുമിച്ചു പഠിച്ച തിരുവനന്തപുരം സ്വദേശി പ്രസ്സീതയും ഒപ്പം ഉണ്ടായിരുന്നു.
ആൻ മരിയ എന്ന കൊച്ചു മിടുക്കി കലോസ്തവ വേദികളിലേക്ക് വരുന്നതിനു പിന്നിലും ഒരു കുട്ടി കഥയുണ്ട്. ഒരു വേദിയിൽ നിന്ന് കാണികളെ അഭിമുഖീകരിച്ചു ആലപിക്കാൻ ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു. സ്വയം പരിശീലിച്ചു പേടിയൊക്കെ മാറ്റിയാണ് ഉപജില്ലയിലും ജില്ലയിലും ഇന്ന് സംസ്ഥാന കലോത്സവം വരെ എത്തി നില്കുന്നത്. എങ്കിലും ഇപ്പോളും ചെറിയ പേടിയൊക്കെ ഉണ്ട് കേട്ടോ. ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനക്കാരിയായപ്പോൾ അമ്മ നൽകിയ ആലിംഗനയും മുത്തവുമാണ് ആൻ മരിയക്ക് ഏറ്റവും ഹൃദയത്തോട് ചേർത്ത് വെക്കാനുണ്ടായിരുന്ന സമ്മാനം. മുഖദാവിൽ നിന്ന് പഠിച്ചില്ലെങ്കിൽ പോലും അമ്മയുടെ സംഗീത ക്ലാസുകൾ കേട്ട് പഠിച്ച ഏകലവ്യനായി ആൻ മരിയ ഇന്ന് സംഗീത ലോകത്തേക്കുള്ള തന്റെ പ്രയാണത്തിൽ ബഹുദൂരം മുന്നേറുകയാണ്. തന്റെ ആത്മഗുരുവായ അമ്മയ്ക്ക് ഹൃദയം നിറഞ്ഞുള്ള ഒരു ഉമ്മയായിരുന്നു ആൻ മരിയയുടെ ഗുരുദക്ഷിണ.
Kerala State School Arts Festival| Light Music| Thiruvananthapuram