അരൂർ: കടലേറ്റത്തിൽ ആശങ്കയൊഴിയാതെ പള്ളിത്തോട് നിവാസികൾ..പള്ളിത്തോട് തീരത്തെ കടലേറ്റത്തിന് തെല്ലുശമനം വന്നെങ്കിലും തിരമാലകളുടെ വരവിന്റെ മുന്നറിയിപ്പ് തീരവാസികളിൽ ആശങ്ക ഉയർത്തുന്നു. പള്ളിത്തോട് കടലോര മേഖലയിലാണ് കഴിഞ്ഞദിവസം രൂക്ഷമായ കടലേറ്റം ഉണ്ടായത്. നിനച്ചിരിക്കാതെയാണ് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറിയത്. കാലവർഷത്തിനിടെ കടലേറ്റമുണ്ടാകുമ്പോൾ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞദിവസം കടൽ കയറിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വീടുകളിലെ അഴുക്കും ചളിയും വൃത്തിയാക്കുന്ന തിരക്കിലാണ് തീരവാസികൾ.
ഇതിനു പുറമെ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്കയും വളർത്തുന്നു. അധികൃതർ തീരമേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. അരൂർ എം.എൽ.എ ദലീമ ജോജോ ഉൾപ്പെടെയുള്ള സംഘം ദുരിതബാധിത പ്രദേശം സന്ദർശിച്ചു. പൊലീസ്, അഗ്നിരക്ഷാ സേന, റവന്യൂ, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും യോജിപ്പിച്ച് പ്രവര്‍ത്തനം നടത്തിവരുകയാണ്. ദുരിതം മന്ത്രിമാരായ സജി ചെറിയാന്റെയും റോഷി അഗസ്റ്റിന്റെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് ഒഴുക്ക് തടസ്സപ്പെട്ട കാന ശുചിയാക്കാനും മണൽ തടയണ നിര്‍മിക്കാനും തീരുമാനിച്ചു. ശാശ്വതപരിഹാരം കടല്‍ഭിത്തി നിര്‍മാണമാണ്.അത് സർക്കാർ പദ്ധതിയിലുണ്ട്. ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്, എം.ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.യു. അനീഷ്, മേരി ടെല്‍ഷ്യ എന്നിവരും തീരമേഖലയിൽ എത്തിയിരുന്നു.