ആലുവ: ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. തോട്ടുമുഖം ഖവാലി ഹോട്ടലിൽനിന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പഴകിയ വിവിധ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ പഴകിയ ചിക്കൻ വിൽപന നടത്തിയെന്ന പരാതിയെ തുടർന്ന് ആലുവ, അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എ. അനീഷ, സമാനത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ പകുതി വേവിച്ച പഴകിയ ചിക്കൻ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസും പിടികൂടി. സംസ്ഥാനത്തുണ്ടായ ഭക്ഷ്യവിഷബാധയിൽ പ്രധാന കാരണം ഇത്തരം മയൊണൈസായിരുന്നു.
അതിനാൽ ഇതിന് നിരോധനമുള്ളതാണ്. അടുക്കളയും പരിസരവും വൃത്തിഹീനമായിരുന്നു. ഫ്രീസറും വൃത്തിഹീനമാണ്. പച്ചക്കറിയും മാംസവുമെല്ലാം ഒരുമിച്ചാണ് വെച്ചിരുന്നത്. ഇത് വിഷബാധക്കിടയാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.