ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷം തടവ്. ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിലാണ് വിധി വന്നത്. പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്നത് സുല്‍ഖർനൈനാണ് വിധി പറഞ്ഞത്.
നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ച് 27ന് നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. തന്‍റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇംറാൻ രേഖകൾ വെളിപ്പെടുത്തിയത്.
അതേസമയം, ഇത് കള്ളക്കേസാണെന്നാണ് ഇംറാൻ ഖാൻ നയിക്കുന്ന തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ അവകാശവാദം. വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നും പാർട്ടി അറിയിച്ചു.കഴിഞ്ഞ വർഷം ആഗസ്റ്റിൽ തോഷഖാന കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് വർഷം തടവ് അനുഭവിക്കുകയാണ് ഇംറാൻ ഖാൻ