കോഴിക്കോട്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ മതേതര –ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അപകടകരമായ ഈ നീക്കം ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തുമെന്നുറപ്പാണ്. വർഗീയ ധ്രുവീകരണമാണ് മോദി സർക്കാരും സംഘ്പരിവാറും ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് അജണ്ട ഉന്നംവെക്കുന്നത് മുസ്ലിംകളെയാണ്. അതിർത്തി സംസ്ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും വലിയൊരു വിഭാഗം ജനത്തിന് വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പൗരത്വ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാൻ പോലും സമയം കണ്ടെത്താത്ത സർക്കാരാണ് ഒരാഴ്ചക്കകം സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നത്.