2023ലെ ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയിൽ തുടക്കമായി. മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരം കാണാൻ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ആവേശത്തോടെ എത്തിയത്. ഉദ്ഘാടന മത്സരത്തിൽ സൗദി ക്ലബായ അൽഇത്തിഹാദ് ന്യൂസിലൻഡ് ടീം ഓക്ലൻഡ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ആദ്യമത്സരത്തിൽ തന്നെ മടക്കമില്ലാത്ത മൂന്ന് ഗോളുകളിലൂടെ ജയം കൊയ്ത ഇത്തിഹാദ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. വരുന്ന വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിന്റെ അൽഅഹ്ലിയെ നേരിടും. ആദ്യമത്സരത്തിൽ തന്നെ അടി പതറിയതോടെ ഓക്ലൻഡ് സിറ്റി 20ാമത് ലോകകപ്പിൽനിന്ന് പുറത്തായി.
കാണികളെ തുടക്കം മുതൽ ആവേശകൊടുമുടിയേറ്റിയ കളിയുടെ 29-ാം മിനിറ്റിൽ റൊമാരിനോയിലൂടെയാണ് ഇത്തിഹാദ് ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ എൻഗോലോ കാന്റെയുടെ ശക്തമായ ഷോട്ട് വലയിയായി. അതോടെ ഉണർന്ന ഓക്ലൻഡ് സിറ്റി ശക്തമായ പ്രതിരോധം തീർത്തെങ്കിലും ആദ്യപകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കേ മുഹന്നദ് അൽശങ്കീതിയുടെ പാസ് ഇത്തിഹാദ് ക്യാപ്റ്റൻ കരിം ബെൻസെമ മൂന്നാം ഗോളാക്കി.