ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ്. ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവ് ഭീമമാണ്. അതിനാല്‍ സ്വകാര്യ മേഖലയില്‍നിന്നുള്ള നിക്ഷേപത്തെക്കൂടി പരിഗണിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകൂവെന്നും സോമനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ ആറാം പതിപ്പില്‍ ‘ഐഎസ്ആര്‍ഒയുടെ ലക്ഷ്യങ്ങളും ബഹിരാകാശ സാങ്കേതിക മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ 15 സ്പേസ് സാറ്റലൈറ്റുകള്‍ മാത്രമാണ് ഇന്ത്യയുടേതായി ഉള്ളതെന്നും ഇത് തീരെ ചെറിയ സംഖ്യയാണെന്നും സോമനാഥ് പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നമ്മുടെ പരിജ്ഞാനവും സാറ്റലൈറ്റ് ഉത്പന്ന നിര്‍മ്മാണ കമ്പനികളുടെ എണ്ണവും പരിഗണിച്ചാല്‍ ഇതിലും വലിയ നേട്ടങ്ങളിലേക്ക് എത്താന്‍ രാജ്യത്തിനാകും. ഇത് സാധ്യമാക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തികസ്വാതന്ത്ര്യം വേണം. ഈ സാഹചര്യത്തിലാണ് ബഹിരാകാശ രംഗത്ത് ബിസിനസ് അവസരങ്ങള്‍ക്കായുള്ള ആവാസവ്യവസ്ഥ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കേണ്ടത് ഗൗരവമായി പരിഗണിക്കേണ്ടതെന്നും സോമനാഥ് വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ എല്‍വിഎം-3യുടെ നിര്‍മ്മാണത്തിന് സ്വകാര്യമേഖലയെ ഭാഗമാക്കുന്നുണ്ട്. ഭാവിയില്‍ ഗഗന്‍യാന്‍, ഭാരതീയ സ്പേസ് സ്റ്റേഷന്‍ തുടങ്ങിയ പദ്ധതികളും ഐഎസ്ആര്‍ഒയും സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യവും ചേര്‍ന്നു നടത്തും. സബ്ഓര്‍ബിറ്റല്‍ ഫ്ളൈറ്റുകളായ സ്കൈറൂട്ട് എയ്റോസ്പേസ്, അഗ്നികുല്‍ കോസ്മോസ് എന്നിവ ഐഎസ്ആര്‍ഒയുടെ പര്യവേഷണ വാഹനങ്ങളില്‍ വിക്ഷേപിച്ചവയാണ്. ചെറിയ സാറ്റലൈറ്റുകളുടെ രൂപകല്‍പ്പന, വിക്ഷേപണം, ജിയോസ്പേഷ്യല്‍ പരിഹാരങ്ങള്‍, ആശയവിനിമയം, ഓര്‍ബിറ്റല്‍ ട്രാന്‍സ്ഫര്‍ വാഹനങ്ങള്‍ എന്നിവയിലെല്ലാം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ട്.
ബഹിരാകാശ മേഖലയില്‍ ഇന്ത്യ പ്രധാന ശക്തിയാണെങ്കിലും ആഗോള ബഹിരാകാശ വ്യവസായത്തില്‍ ഇന്ത്യയുടെ സംഭാവന 2 ശതമാനം (386 ബില്യണ്‍ യുഎസ് ഡോളര്‍) മാത്രമാണ്. 2030 ല്‍ 500 ബില്യണ്‍ യുഎസ് ഡോളറായും 2035 ല്‍ 800 ബില്യണ്‍ ഡോളറായും 2047 ല്‍ 1500 ബില്യണ്‍ ഡോളറായും വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് സോമനാഥ് ചൂണ്ടിക്കാട്ടി. 2014 ല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ഒരു സ്റ്റാര്‍ട്ടപ് മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2024 ല്‍ ഇത് 250 ല്‍ അധികമായി. 2023 ല്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് സ്പേസ് സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത്. 450 ലധികം എംഎസ്എംഇ യൂണിറ്റുകളും 50 ലധികം വലിയ കമ്പനികളും ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പേസ് ടെക്നോളജി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ ശതമാനം ഇപ്പോള്‍ വളരെ കുറവാണ്. ഈ മേഖലയില്‍ വളര്‍ന്നുവരുന്ന കമ്പനികള്‍ കൊണ്ടുവന്ന മാറ്റമാണിത്. നിലവില്‍ 1200 ടെക്നോളജി ഡവലപ്മെന്‍റ്, ഗവേഷണ-വികസന പദ്ധതികള്‍ ഐഎസ്ആര്‍ഒയുടെ പരിധിയില്‍ വരുന്നു.
ബഹിരാകാശ മേഖലയില്‍ ഇന്ത്യ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുന്നുവെന്നും വിദേശ രാജ്യങ്ങളുടെ 431 സാറ്റലൈറ്റുകളാണ് ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളതെന്നും സോമനാഥ് പറഞ്ഞു. 61 രാജ്യങ്ങളുമായി ഐഎസ്ആര്‍ഒ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നാസയുമായുള്ള നിസാര്‍, സിഎന്‍ഇഎസുമായുള്ള തൃഷ്ണ, ജി-20 സാറ്റലൈറ്റ്, ജാക്സയുമായുള്ള ലൂണാര്‍ പോളാര്‍ എക്പ്ലൊറേഷന്‍ എന്നിവ ഐഎസ്ആര്‍ഒയുടെ നിലവിലെ സംയുക്ത ദൗത്യങ്ങളാണ്. ആഗോള തലത്തിലുള്ള സഹകരണത്തിലൂടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വിപുലപ്പെടുത്താനും നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സഹായകമാകും.
ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍(ബിഎഎസ്) പ്രവര്‍ത്തനക്ഷമമാകുന്നതിലൂടെ വന്‍ സാധ്യതകളാണ് ബഹിരാകാശ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാധ്യമാകുക. ബിഎഎസിന്‍റെ ആദ്യ മൊഡ്യൂള്‍ 2028 ല്‍ സാധ്യമാക്കാനും 2035 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും സോമനാഥ് വ്യക്തമാക്കി. മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനുള്ള ഇലോണ്‍ മസ്കിന്‍റെ ചിന്തകള്‍ ബഹിരാകാശ മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇത് പ്രചോദനമാകുമെന്നും സോമനാഥ് പറഞ്ഞു.