ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ പിന്തുണച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബ്രിജ് ഭൂഷണിന്റെ മകൻ കരൺ സിങ് ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ ബി.ജെ.പി സ്ഥാനാർഥിയാണ്. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ”ബ്രിജ് ഭൂഷണെതിരായ ഒരു ആരോപണവും തെളിയിക്കപ്പെട്ടില്ല. അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. ശിക്ഷിക്കപ്പെട്ടാൽ പോലും ആ കുറ്റം മക്കളുടെ മേൽ ചുമത്താൻ കഴിയില്ല. ശിക്ഷിക്കപ്പെട്ട പലരുടെയും മക്കൾക്ക് വിവിധ പാർട്ടികൾ അവസരം നൽകിയിട്ടുണ്ട്”-നിർമല സീതാരാമൻ പറഞ്ഞു.കർണാടകയിൽ ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ പ്രജ്വൽ രേവണ്ണക്കെതിരെ നടപടിയെടുക്കേണ്ടത് കോൺഗ്രസ് ആണെന്നും നിർമല സീതാരാമൻ പറഞ്ഞു. വർഷങ്ങളായി കോൺഗ്രസ് ആ സെക്‌സ് ടേപ്പുകൾക്ക് മുകളിൽ കയറി ഇരിക്കുകയായിരുന്നു. ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതോടെയാണ് കോൺഗ്രസ് രേവണ്ണക്കെതിരെ രംഗത്ത് വന്നതെന്നും അവർ ആരോപിച്ചു.
ആ ടേപ്പുകളിൽ എന്താണെന്ന് മന്ത്രിമാർക്ക് അറിയാമായിരുന്നു. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ അവർ നടപടിയെടുക്കണമായിരുന്നു. വൊക്കലിഗ സമുദായത്തിന്റെ വോട്ട് നഷ്ടമാവുമെന്ന് കരുതി അവർ മിണ്ടിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞതിന് പിന്നാലെ ടേപ്പ് വലിയ വിവാദമാക്കിയിരിക്കുകയാണ്. ഇത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.