ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയതോടെ വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000ത്തിലേറെ അധ്യാപകരും. 2004ലെ ഉത്തർപ്രദേശ് മദ്‌റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായത്. ഈ വിദ്യാഭ്യാസ സംവിധാനത്തിൽ മതേതരത്വമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെട്ടത്. മദ്‌റസ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥ് സർക്കാറിനോട് മാർച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിക്കുകയും ചെയ്തു. മദ്‌റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നിർബന്ധമായി നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി അൻഷുമാൻ സിംഗ് റാത്തോഡ് എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
അതേസമയം, മദ്‌റസകൾ കേവലം മതവിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി മാത്രമല്ല, അതിനായി ഗ്രാന്റുകൾ സ്വീകരിക്കുന്നില്ലെന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും മദ്‌റസ അറേബ്യ, അഖിലേന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി വഹീദുല്ല ഖാൻ പറഞ്ഞു. ഹിന്ദു അധ്യാപകരും വിദ്യാർഥികളും പോലും മദ്‌റസകളിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. പൗരസ്ത്യ ഭാഷകളുടെ (അറബിക്, പേർഷ്യൻ, സംസ്‌കൃതം) പ്രോത്സാഹനത്തിനായാണ് സർക്കാർ ഗ്രാന്റുകൾ നൽകുന്നതെന്നും അർബി-ഫാർസി ബോർഡ് (അറബിക്-പേർഷ്യൻ) പിന്നീട് മദ്‌റസ ബോർഡായി മാറുകയായിരുന്നുവെന്നും ഖാൻ പറഞ്ഞു. സംസ്ഥാനത്തെ വേദപാഠശാലകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് നടത്തുന്നതെങ്കിൽ 1996 മുതൽ മദ്‌റസകൾ ന്യൂനപക്ഷ വകുപ്പാണ് ഭരിക്കുന്നതെന്ന വ്യത്യാസമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിദ്യാഭ്യാസത്തിനൊപ്പം സ്‌കൂൾ വിദ്യാഭ്യാസം കൂടി നൽകുന്നതാണ് യു.പിയടക്കം വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന മദ്‌റസകൾ. സർക്കാർ സഹായത്തോടെയായിരുന്നു ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളുടെയും പ്രവർത്തനം. യു.പിയിൽ 16,513 അംഗീകൃത മദ്‌റസകളുണ്ടെന്നും 560 എണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതാണെന്നുമാണ് ദി വയർ റിപ്പോർട്ട് ചെയ്തത്. 8400 അനംഗീകൃത മദ്‌സകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.