നിലമ്പൂർ എംഎൽഎ പിവി അൻവർ യുഡിഎഫിലെത്തിയാലും അൻവറിന് നിലമ്പൂർ സീറ്റ് മൽസരിക്കാൻ നൽകിയേക്കില്ലെന്ന് സൂചന. നിലമ്പൂർ സീറ്റിൻറെ കാര്യത്തിൽ കോൺഗ്രസിൽ തർക്കങ്ങൾക്ക് സാധ്യത ഉള്ളത് പരിഗണിച്ചാണ് ഇത്തരം ആലോചന. അൻവർ തന്നെ നിലമ്പൂർ സീറ്റിനായി താൻ ഡിമാൻറ് വയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം കെ ടി ജലീൽ വിജയിച്ച തവനൂരിൽ മൽസരിക്കാനാകും അൻവറിൻറെ ആലോചന എന്നാണ് സൂചന. നിലമ്പൂരിൽ നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് വിജയസാധ്യത ഉണ്ട്. അതിനൊപ്പം അൻവറിനെ നിർത്തി തവനൂർ പിടിച്ചെടുക്കുക എന്നതാകും യുഡിഎഫ് തന്ത്രം. 2011 മുതൽ ഡോ. കെടി ജലീലാണ് തവനൂർ എംഎൽഎ. ജലീലിലൂടെയാണ് ലീഗിൻറെ പികെ കുഞ്ഞാലിക്കുട്ടിയെ തോൽപിച്ച് സിപിഎം ഇവിടെ വിജയം നേടിയത്. എന്നാൽ ഇനി തെരഞ്ഞെടുപ്പ് മൽസരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെടി ജലീൽ തവനൂരിൽ മൽസരിക്കാൻ സാധ്യത കുറവാണ്. എങ്കിലും യുഡിഎഫിന് ഇപ്പോഴും തവനൂരിൽ ആധിപത്യമില്ല. അതിനാൽതന്നെ അൻവറെ രംഗത്തിറക്കി ഈ സീറ്റ് പിടിച്ചെടുക്കാനാകും യുഡിഎഫ് ശ്രമിക്കുക. നേരത്തെ ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചിരുന്ന സീറ്റാണ് തവനൂർ.
എന്നാൽ അതേസമയം യുഡിഎഫ് പാളയത്തിൽ അൻവറിനെതിരെ കരുനീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. രാഷ്ട്രീയ മര്യാദ എന്തെന്നറിയാത്ത പി വി അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. യുഡിഎഫിൽ ചേക്കേറാൻ ഇറങ്ങിത്തിരിച്ച അൻവറിന്റെ മുൻകാല നിലപാടുകൾ എണ്ണിപ്പറഞ്ഞാണ് അവർ സമൂഹമാധ്യമങ്ങളിൽ വിമർശവുമായി ഇറങ്ങിയത്. യുഡിഎഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും പൊതുജനമധ്യത്തിൽ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്‌ത അൻവറിനെ ഇരുകൈയുംനീട്ടി സ്വീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നു. നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ അൻവറും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വർഷങ്ങളായി കടുത്ത പോരിലാണ്. തലമുതിർന്ന നേതാവായിരുന്ന ആര്യാടൻ മുഹമ്മദിനെ പലവട്ടം അപമാനിച്ചതാണ് അൻവർ. കഴിഞ്ഞദിവസം ആര്യാടന്റെ മകൻ ഷൗക്കത്തും അൻവറിനെതിരെ രംഗത്തുവന്നു.
കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി എം എസ് ആസിഫ്, യൂത്ത് കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് അജ്‌മൽ സൈഫു, എടക്കരയിലെ യൂത്ത് കോൺഗ്രസ് നേതാവ് ധനീഷ് ഗോപി തുടങ്ങിയവർ പരസ്യവിമർശവുമായി എത്തി. പിണറായി വിജയനോട് തെറ്റിയപ്പോഴാണ് അൻവറിന് ജനങ്ങളോട് സ്‌നേഹം വന്നതെന്ന് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ വാർത്താലേഖകരോട് പറഞ്ഞു. എടക്കരയിലെ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ധനീഷ് ഗോപിയും അൻവറിനെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. അൻവറിനെ യുഡിഎഫിൽ എത്തിക്കാൻ അമിതാവേശം കാട്ടുന്ന മുസ്ലിംലീഗ് നേതൃത്വത്തിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.