കണ്ണൂർ : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നൽകിയ മാനഷ്ടക്കേസിൽ പി.വി.അൻവർ എംഎൽഎയ്‌ക്ക് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നോട്ടിസ് അയച്ചു. ഡിസംബർ മൂന്നിന് അൻവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിൽ പറയുന്നത്. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പി.ശശിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവിന്റെ ബെനാമിയാണ് പി ശശി, 15 പെട്രോൾ പമ്പുകൾ ശശിക്കുണ്ട് എന്നിവയായിരുന്നു ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അൻവറിന് ശശി നോട്ടിസ് അയച്ചിരുന്നു. നോട്ടിസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് പി.ശശി കോടതിയിൽ കേസ് ഫയൽ ചെയ്തത്.