അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിൻറെ സേവനം യഥാസമയം കിട്ടുന്നില്ലെന്ന് ആരോപണം. രക്തത്തിൻറെ ലഭ്യതക്കുറവാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. മധ്യവേനലവധിയും വിവിധ മതസ്ഥരുടെ വ്രതാനുഷ്ഠാനങ്ങളും രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതായും പറയുന്നു.എന്നാൽ, എച്ച്.ഒ.ഡിയുടെ നിലപാടാണ് രക്തദാതാക്കൾ എത്താത്തതെന്നാണ് ആരോപണം. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെയാണ് രക്തം സ്വീകരിക്കുന്നത്. എന്നാൽ, ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിച്ചശേഷം എത്താറുണ്ട്. വൈകീട്ട് മൂന്നുവരെ രക്തം സീകരിച്ചതിനുശേഷം മറ്റുള്ളവരെ മടക്കി അയക്കുകയാണെന്നാണ് പറയുന്നത്. അടുത്ത ദിവസവും തൊഴിൽ ഉപേക്ഷിച്ച് രക്തം ദാനം ചെയ്യാൻ പലരും ശ്രമിക്കാറില്ല. ചുമതലയേറ്റ എച്ച്.ഒ.ഡിയുടെ കർക്കശ്ശ നിലപാടിനോട് ജീവനക്കാർക്കും അതൃപ്തിയുണ്ട്.ആശുപത്രിയിൽ പൊതിച്ചോർ എത്തിക്കുന്ന യുവജന സംഘടന പ്രവർത്തകർ രക്തദാനം നടത്താറുണ്ട്. ഇവരുടെ സൗകര്യാർഥം മുൻ എച്ച്.ഒ.ഡിമാർ സമയക്രമത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ഇപ്പോഴത്തെ എച്ച.ഒ.ഡി ഇതിന് തയാറാകുന്നില്ലെന്നാണ് ആരോപണം. ഇതുമൂലം ബ്ലഡ് ബാങ്കിൽനിന്ന് രക്തം നൽകാൻ പറ്റാത്ത സാഹചര്യമാണ്. രക്തദാതാക്കൾ എത്തിയതിന് ശേഷമാണ് രോഗികൾക്ക് രക്തം നൽകുന്നത്.യഥാസമയം രക്തം കിട്ടാതെ വരുന്നതോടെ രോഗികളുടെ ബന്ധുക്കളും രക്തബാങ്ക് ജീവനക്കാരും തമ്മിൽ വാക്കേറ്റവും നിത്യസംഭവമാണ്. ഏറ്റവുമധികം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തി സംസ്ഥാനത്തെ മികച്ച ബ്ലഡ് ബാങ്കിന് രണ്ടുതവണ അവാർഡ് നേടിയ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിനാണ് ഈ ദുർഗതി സംഭവിച്ചത്.