തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പൊലീസും. തർക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ശക്തമാക്കി.പൊലീസ് മടിച്ചുനിന്നപ്പോൾ കോടതി ഇടപെട്ടതോടെയാണ് ഒടുവിൽ ഇന്നലെ മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ കൻറോൺമെൻ്റ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ പ്രതിയാക്കപ്പെട്ട മേയർ അടക്കം അഞ്ച് പേരുടെയും മൊഴി പൊലീസ് ഉടന് രേഖപ്പെടുത്തും. സംഘം ചേർന്ന് മാർഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്. മേയറുടെ സംഘവും കെഎസ്ആർടിസി ബസിൻ്റെ സർവ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിൻ്റെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസിനുള്ളിലേക്ക് സച്ചിൻ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നും യദുവിൻ്റെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും.