ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ മറുപടി. രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം എന്ന് നദ്ദ പരിഹസിച്ചു. പൊതുജനം ആവർത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിർബന്ധം മൂലം വിപണിയിൽ ഇറക്കേണ്ടിയും വന്ന പരാജയപ്പെട്ട ഉൽപ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിങ്ങൾ പ്രധാനമന്ത്രി മോദിക്കയച്ച കത്തെന്ന് നദ്ദ പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന ഭീഷണികളിൽ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഖാർഗെയുടെ കത്ത്. കത്ത് വായിച്ചപ്പോൾ ഖാർഗെ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തനിക്ക് തോന്നിയതായും നദ്ദ പറഞ്ഞു.
കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകൾ മറക്കുകയോ മനപ്പൂർവം അവഗണിക്കുകയോ ചെയ്തതായി കണ്ടു. അതിനാൽ ആ കാര്യങ്ങൾ വിശദമായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജകുമാരന്റെ സമ്മർദത്തിൻ കീഴിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടി കോപ്പി ആൻഡ് പേസ്റ്റ് പാർട്ടിയായത് സങ്കടകരമാണ് – നദ്ദ കത്തിൽ കുറിച്ചു.