സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വർധിച്ച് 7,525 രൂപയും പവൻ വില 600 രൂപ വർധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ഇത് ആദ്യമായാണ് സ്വർണ വില 60,000 രൂപ കടക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഇതുവരെ 2,760 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഉയർന്നു. ഗ്രാമിന് 65 രൂപ ഉയർന്ന് 6,205 രൂപയുമായി.
വെള്ളി വിലയ്ക്ക് ഇന്നും അനക്കിമില്ല. ഗ്രാമിന് 99 രൂപയിൽ തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില മാറാതെ നിൽക്കുന്നത്.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അന്താരാഷ്ട്ര സ്വർണ വില ഇന്നലെ 1.34 ശതമാനം ഉയർന്ന് 2,744.35 ഡോളറിലെത്തിയിരുന്നു. ഇന്നും നേരിയ നേട്ടത്തിലാണ്. നവംബർ ആറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒക്ടോബർ 31ന് കുറിച്ച ഔൺസിന് 2,790.15 എന്ന റെക്കോഡിന് തൊട്ടടുത്തെത്തി വില.
ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വർണ വിലയിൽ മുന്നേറ്റമുണ്ടാക്കിയത്. ട്രംപിന്റെ വ്യാപാര നയങ്ങളുണ്ടാക്കിയ അനിശ്ചിതത്വങ്ങൾ വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു.