തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും ആവർത്തിച്ച് ഇസ്രായേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു. തെൽ അവീവിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനു മുമ്പാകെയാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി.റഫയിലും വടക്കൻ ഗസ്സയിലെ പ്രദേശങ്ങളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ, 106 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,562 ആയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ പോലും കഴിയാത്ത വിധം വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. റഫയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 9 ലക്ഷം കവിഞ്ഞതായി യു.എൻ ഏജൻസികൾ അറിയിച്ചു. റഫയിലേക്ക് കൂടുതൽ സൈനികരെ നിയോഗിച്ച് ആക്രമണം വിപുലീകരിക്കാനാണ് ഇസ്രായേൽ നീക്കം. ഇക്കാര്യം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ ജെയ്ക് സള്ളിവനെ നെതന്യാഹു ധരിപ്പിച്ചു. എന്നാൽ റഫയിൽ വ്യാപക ആക്രമണം നടത്തരുതെന്നും ഹമാസിനെ അമർച്ച ചെയ്യാൻ രാഷ്ട്രീയ നടപടികൾ കൂടി വേണമെന്നും ജെയ്ക് സള്ളിവൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻറിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടറുടെ നിർദേശം ഇസ്രായേലും അമേരിക്കയും തള്ളി. ഹമാസിനെയും ഇസ്രായേലിനെയും തുലനം ചെയ്യുന്ന ഐ.സി.സി സമീപനം ലജ്ജാകരമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. കോടതി നിർദേശം അവജ്ഞയോടെ തള്ളുന്നതായി ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ അന്താരാഷ്ട്ര കോടതി നിർദേശത്തെ ഗൗരവത്തിൽ കാണണമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.
ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ, മുഹമ്മദ് അൽ ദൈഫ്, ഇസ്മാഈൽ ഹനിയ്യ എന്നിവർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് നിർദേശം. എന്നാൽ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹമാസും ഫലസ്തീൻ സംഘടനകളും ആവശ്യപ്പെട്ടു.