കേരളത്തിലെ ലത്തീൻ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്ന വിഷയം പിന്നാക്ക വിഭാഗ വികസന വകുപ്പുമായി ചേർന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമ സഭയിൽ ടി ജെ വിനോദിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നിബന്ധനകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നത് പിന്നോക്ക വിഭാഗ വികസന വകുപ്പാണ്. അത്തരത്തില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായി സാക്ഷ്യ പത്രങ്ങള്‍ അനുവദിക്കുക എന്നതാണ് റവന്യൂ വകുപ്പിന്റെ ചുമതല. ലത്തീന്‍ കത്തോലിക്ക വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീൻ കത്തോലിക്ക സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാൻ അര്‍ഹതയുള്ളു. പുതുതായി ഇതര സമുദായത്തില്‍ നിന്നും ക്രിസ്തു മതത്തിലെ ലത്തീൻ വിഭാഗത്തില്‍ ചേര്‍ന്നവര്‍ക്കോ മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും ലത്തീൻ കത്തോലിക്ക വിശ്വാസികളായവര്‍ക്കോ ലത്തീൻ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല. ജാതി സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളെയോ മതപുരോഹിതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളെയോ പൂര്‍ണ്ണമായി ആശ്രയിക്കാതെ അപേക്ഷകൻ ഹാജരാക്കുന്ന രേഖകളുടെയും വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതാണെന്നും ഈ ഉത്തരവിലുണ്ട്. ഇത് കൃത്യമായി പാലിക്കേണ്ടതാണെന്നും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന വീഴ്ചയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വം എന്നും നിർഷ്കർഷിച്ചിരുന്നു.

ഉത്തരവ് പ്രകാരം ലത്തീന്‍ കത്തോലിക്ക സര്‍ട്ടിഫിക്കറ്റിന്റെ ഗുണഭോക്താവും പ്രസ്തുത വ്യക്തിയുടെ പിതാവും ലത്തീന്‍ കത്തോലിക്ക സമുദായാംഗങ്ങളായിരുന്നുവെന്ന് ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ ഒരു രേഖയായി പരിഗണിച്ച്, വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തില്‍ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ലത്തീന്‍ കത്തോലിക്ക സമുദായാംഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്ന് 2010 ൽ സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. കൂടാതെ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ 2016ലെ സര്‍ക്കുലറനുസരിച്ച് ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും എസ്ഐയുസി നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തിനും അവരുടെ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് പ്രസ്തുത വിഭാഗക്കാര്‍ 1947 നു മുന്‍പ് പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഒഴിവാക്കി ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികള്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തില്‍ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. 1947 നു മുന്‍പ് മതം മാറിയവരെന്ന ഔദ്യോഗിക രേഖകള്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നു എന്നാണ് ഈ ഉത്തരവുകൾ വിവക്ഷിക്കുന്നത്. എന്നാല്‍ ഈ ഉത്തരവുകളിലും സര്‍ക്കുലറുകളിലും 1947 നു മുമ്പ് ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍/അവരുടെ പിന്‍തലമുറക്കാര്‍ ആയിരിക്കണം എന്ന നിബന്ധന ഒഴിവാക്കിയതായി പരാമര്‍ശിച്ചിട്ടില്ല എന്ന് മന്ത്രി വിശദമാക്കി.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടേയും നിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്കൂള്‍ രേഖകളുടെയും പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലും, മതപുരോഹിതന്‍മാരുടെ സാക്ഷ്യപത്രവും പള്ളിയില്‍ നിന്നും ലഭിച്ചിരുന്ന രേഖകളും സഹായക രേഖയായി പരിഗണിച്ച് ആയത് പരിശോധിച്ചും ലാറ്റിന്‍ കാത്തലിക് സര്‍ട്ടിഫിക്കറ്റ് റവന്യു അധികൃതര്‍ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതര സമുദായങ്ങളില്‍ നിന്നും ക്രിസ്തു മതത്തിലെ ലത്തീന്‍ വിഭാഗത്തിലേയ്ക്ക് പുതുതായി ധാരാളം പേര്‍ ചേര്‍ന്നിട്ടുള്ളതും അത്തരം ആള്‍ക്കാര്‍ ലത്തീന്‍ വിശ്വാസികളായി ലത്തീന്‍ പള്ളികളില്‍ പ്രാര്‍ത്ഥന ചെയ്തുവരുന്നുവെന്ന കാരണത്താല്‍ ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബിഷപ്പുമാര്‍ ലത്തീന്‍ സമുദായാംഗമാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളെ പൂര്‍ണ്ണമായും ആശ്രയിക്കുവാന്‍ സാധിക്കാതെ വരുന്നത്. ആയതിനാല്‍ പ്രാദേശിക അന്വേഷണത്തിന്റെ ഭാഗമായി മത പുരേഹിതന്റെ / ബിഷപ്പിന്റെ സാക്ഷ്യപത്രം ഒരു സഹായ രേഖയായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ – ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നത്. എന്നാല്‍ മാതാപിതാക്കള്‍ മറ്റ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട് വരുകയും കുട്ടികള്‍ക്ക് ലാറ്റിന്‍ കാത്തലിക്ക് സാക്ഷ്യപത്രം ആവശ്യപ്പെടുകയും ചെയ്യുന്ന അവസരങ്ങളില്‍ 1947 ന് മുന്‍പ് ലാറ്റിന്‍ കാത്തലിക്ക് ആയിരുന്നുവെന്ന് തെളിയിക്കേണ്ടി വരാറുണ്ട്. ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്ന അവസരത്തില്‍ രക്ഷകര്‍ത്താക്കള്‍ പറഞ്ഞുകൊടുക്കുന്ന സമുദായത്തിന്റെ പേര് സ്കൂള്‍ രേഖയില്‍ ചേര്‍ക്കുന്നു എന്നല്ലാതെ ആധികാരിക രേഖകളുടേയോ സമുദായം സംബന്ധിച്ച വിശദമായ പരിശോധനകളുടേയോ അടിസ്ഥാനത്തിലല്ല സ്കൂള്‍ രേഖകളില്‍ സമുദായത്തിന്റെ പേര് ചേര്‍ക്കുന്നത്. കേവലം സ്കൂള്‍ രേഖയിലെ രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുവാനും കഴിയില്ല.
1947 ന് മുമ്പ് ലത്തീന്‍ കത്തോലിക്ക വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാർക്കും മാത്രമേ ലത്തീന്‍ കത്തോലിക്ക സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂ എന്ന നിബന്ധനയില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. നിബന്ധനകളില്‍ മാറ്റം വരുത്തുന്നത് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരിധിയില്‍ വരുന്ന വിഷയവുമാണ്. എന്നിരുന്നാലും 1947ന് മുമ്പ് ലത്തീന്‍ കത്തോലിക്ക വിശ്വാസികളായിരുന്നുവെന്ന് കുറ്റമറ്റ രീതിയില്‍ നിര്‍ണ്ണയിക്കുന്നതിനായി അവലംബിക്കേണ്ട രേഖകളെ സംബന്ധിച്ചും 1947 ന് ശേഷം ലത്തീന്‍ കത്തോലിക്ക വിശ്വാസികളായി വന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ചും സ്പഷ്ടീകരണം നല്‍കുന്ന വിഷയം പിന്നോക്ക വിഭാഗ വികസന വകുപ്പുമായി ചേര്‍ന്ന് പരിശോധിക്കുന്നതാണെന്നും റവന്യൂമന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.