കോഴിക്കോട്: ലോഡ്ജിൽ വെച്ച് വ്യാജവിവാഹം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ തേടി പൊലീസ്. കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് 560,000 രൂപ തട്ടിയെടുത്തത്. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെ കൂടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. എന്നാൽ, പ്രതികളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടുണ്ടെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡോക്ടര്‍ പത്രത്തില്‍ നല്‍കിയ പരസ്യം കണ്ട് പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടു. വൈകാതെ കോഴിക്കോടെത്തി ഡോക്ടറുമായി സംസാരിച്ചു.
ഇവര്‍ കൊണ്ടുവന്ന ആലോചനയില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറോട് നിരന്തരം സംസാരിച്ച് കല്യാണത്തിനായി സമ്മർദ്ധം ചെലുത്തി. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികള്‍ നടത്താനുമായി പലതവണയായി ഡോക്ടറില്‍നിന്ന് ഇവര്‍ 560,000 രൂപ സ്വന്തമാക്കി.ഇതിന്റെ തുടർച്ചയായി രണ്ടുമാസം മുന്‍പ് പ്രതികള്‍ കോഴിക്കോട് എത്തി. കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജില്‍വെച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. തുടർന്ന്, ഡോക്ടര്‍ മുറിയില്‍ നിന്നും പുറത്തുപോയ ഉടനെ ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി സംഘം കടന്നുകളയുകയായിരുന്നു.ഡോക്ടർ വധുവിന്റെ കഴുത്തിലണിയിച്ച താലിമാല മാത്രം രണ്ട് പവനുണ്ട്. അബദ്ധം മനസിലായ ഡോക്ടര്‍ പിന്നീട് ഇവരെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.