കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു.. കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ജൂനിർ ഡോക്ടർമാരുമായി ആയിരുന്നു ചർച്ച… സർക്കാർ നിലപാടിൽ തങ്ങൾ തൃപ്‌തരല്ലെന്ന് പറഞ്ഞ സമരം നടത്തുന്ന ഡോക്‌ടർമാർ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമരം ആരംഭിച്ച് 40 നാളുകൾ പിന്നിട്ടപ്പോഴാണ് ഇന്നലെ രണ്ടാംഘട്ട ചർച്ച നടന്നത്.എന്നാൽ ചർച്ചയുടെ രേഖാമൂലമുള്ള മിനിറ്റ്സ് കൈമാറാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചു എന്നാണ് സമരം ചെയ്യുന്ന ഡോക്‌ടർമാർ അറിയിച്ചത്. പല കാര്യങ്ങളിലും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും വാക്കാലുള്ള ഉറപ്പ് നൽകുകയും ചെയ്തെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗത്തിന്റെ മിനിറ്റ്സ് നൽകാൻ കൂട്ടാക്കിയില്ലെന്നാണ് പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ വ്യക്തമാക്കിയത്.ഈ സംഭവ വികാസങ്ങൾക്ക് ശേഷം യോഗത്തിന്റെ ഒപ്പിടാത്ത മിനിറ്റ്സ് പിന്നീട് സർക്കാർ പുറത്തിറക്കി. ആർജി കാർ ഡോക്‌ടറുടെ ബലാത്സംഗ-കൊലപാതകത്തിൽ പ്രക്ഷോഭം നടത്തുന്ന ജൂനിയർ ഡോക്‌ടർമാരെ പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച വൈകുന്നേരം 6.30ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൂടിക്കാഴ്‌ചയ്ക്കായി മമത സർക്കാർ ക്ഷണിക്കുകയായിരുന്നു.