കോഴിക്കോട്: പാർട്ടിയിലെ ‘പുരുഷാധിപത്യത്തിനെതിരെ’യുള്ള പോരാട്ടം അവസാനിപ്പിച്ച് ഹരിത നേതാക്കൾക്ക് നൽകിയ പദവി സ്വീകരിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. വാർത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങളുടെയും പരാതികളുടെയും കാര്യത്തിൽ ലീഗ് നേതൃത്വത്തിൽനിന്ന് എന്ത് അനുകൂല നടപടിയുണ്ടായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാൽ, പാർട്ടിയിൽ തിരിച്ചെത്തി പദവികളിലെത്താനായി മൂവർക്കും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു.
എം.എസ്.എഫ് നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നജ്മ തബ്ഷീറയെ അശ്ലീലഭാഷയിൽ അധിക്ഷേപിച്ചെന്ന കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്. ഈ കേസ് പിൻവലിക്കാൻ നിയമപരമായി കോടതിയിൽ സമർപ്പിക്കേണ്ട അപേക്ഷ നജ്മ തബ്ഷീറ ലീഗ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നജ്മ വാദിയും നവാസ് പ്രതിയുമായ ഈ കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നജ്മയുടെ സത്യവാങ്മൂലത്തോടൊപ്പം അടുത്ത ദിവസം ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് വിവരം.