കോട്ടയം: കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള ‘വീക്ഷണം’ പത്രത്തിലെ മുഖപ്രസംഗത്തിന് ‘നവപ്രതിച്ഛായ’യുടെ മറുപടി. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ലെന്നും മാണി ഗ്രൂപ്പ് മുഖപത്രത്തിൽ വ്യക്തമാക്കി.
‘വിഷ വീക്ഷണത്തിന്റെ പ്രചാരകർ’ എന്ന തലക്കെട്ടോടെയാണ് ‘നവപ്രതിച്ഛായ’യിൽ രാഷ്ട്രീയകാര്യ ലേഖകന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പാത്രാധിപരെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. കെ.എം മാണി ഉൾപ്പെടെയുള്ളവർ യു.ഡി.എഫിന് രൂപംനൽകുമ്പോൾ, ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ പോലും ഇട്ടിരുന്നില്ലെന്നും വിമർശനമുണ്ട്.
യു.ഡി.എഫ് കേരള കോൺഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്നും പ്രതിച്ഛായ ആരോപിച്ചു. കെ.എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചവരിൽ കോൺഗ്രസ് മുഖങ്ങൾ തിളങ്ങിനിന്നു. എൽ.ഡി.എഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു. മുഖപ്രസംഗംവീക്ഷണം പത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കു മിനിമം ചരിത്രബോധം വേണമെന്നും പ്രതിച്ഛായ ലേഖനത്തിൽ ആവശ്യപ്പെടുന്നു.