ഒരു വേദനയോടെ അല്ലാതെ നമുക്ക് വെള്ളാർമല സ്കൂളിനെയും ഉണ്ണികൃഷ്ണൻ മാഷിനെയും ഓർക്കാൻ സാധിക്കില്ല. ചൂരൽമല ദുരന്തം അത്രയധികം നാശനഷ്ടങ്ങൾ വിതച്ചപ്പോൾ ഉണ്ണികൃഷ്ണൻ മാഷിന്റെ കണ്ണീർ നമ്മൾ കണ്ടതാണ്. മാഷിന് ഇപ്പോൾ മനസ് തുറന്നു ചിരിക്കാം. അതിജീവനത്തിന്റെ ശബ്ദമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ ഇന്നിതാ കണ്മുന്നിൽ കണ്ട ദുരന്തത്തെ അത്രയും തീവ്രതയോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടക വേദിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയെ അടിസ്ഥനമാക്കി ഒരുക്കിയ നാടകം വേദി 3 പമ്പയാറിൽ (ടാഗോർ തീയറ്റർ, വഴുതക്കാട്) ഒത്തുകൂടിയ കാണികളുടെ കണ്ണ് നനയിച്ചു. ഒരു വലിയ ദുരന്തം നേരിട്ടവർ തന്നെ അതിൽ നിന്നും ഉയിർത്തെഴുന്നേറ്റു അവരുടെ സ്വന്തം ജീവിത കഥ ഒരു നാടകമായി അവതരിപ്പിക്കുന്നു. അതിനേക്കാൾ വലിയ എന്ത് ചെറുത്തുനിൽപ്പാണ്, അതിജീവനമാണ് ഒരു കലയായി ആവിഷ്കരിക്കാനാവുക?
ഒരു മാഷും കുട്ടികളുമായുള്ള സംഭാഷണത്തിൽ തുടങ്ങുന്ന നാടകം പതിയെ വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ ആത്മാവിലേക്ക് കടക്കുന്നു. പലതവണ പ്രളയങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും കണ്ട കേരള ജനതയ്ക്കു അതിന്റെ ആഘാതം മനസിലാക്കാനും ഉൾക്കൊള്ളാനുമായി എന്നതാണ് ഈ നാടകം കാണികൾക്കു നൽകിയ ആത്യന്തികമായ ആസ്വാദനം. വേദിയിൽ ഏറ്റവും ശ്രദ്ധേയമായത് യജമാനനാൽ ഉപേക്ഷിക്കപ്പെട്ട ഒരു നായ അതിന്റെ അവസാന ശ്വാസം വരെ പ്രകൃതിയോട് പോരടിച്ചു തന്റെ യജമാനന്റെ സ്വത്തിനു സംരക്ഷണം നൽകുന്ന കാഴ്ചയും ആ നായയെ അവതരിപ്പിച്ച അമൽജിത് എന്ന ചെറിയ വലിയ കലാകാരനുമായിരുന്നു.
തന്റെ ജീവിതാനുഭവങ്ങൾ തന്നെ വേദിയിൽ ഒരു നാടകമായി അവതരിപ്പിച്ചപ്പോൾ അമൽജിത് എന്ന കുട്ടികലാകാരന് പറയുവാൻ ഒരുപാടുണ്ട്. ആ കലാകാരന്റെ അനുഭവങ്ങൾ എങ്ങനെ നാടകത്തിൽ, ഒരു കഥാപാത്രമായി വന്നു എന്ന് അറിയുവാൻ ഈ വീഡിയോ കാണുക.
Kerala School Arts Fest| Vellarmala School| Chooralmala Disaster