ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും സംവരണം നല്‍കുന്ന സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ബംഗ്ലാദേശിൽ വിദ്യാര്‍ത്ഥി പ്രക്ഷോഭം അണപൊട്ടിയത് . ആ പ്രക്ഷോഭ ജ്വാലയിലാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലം പൊത്തിയതും. ഷെയ്ഖ് ഹസീനയെ രാജിയിലേക്ക് എത്തിച്ചതും . രക്ഷപെട്ടോടാൻ സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് നൽകിയത് 45 മിനിറ്റ്. അര മിനിറ്റ് പോലും സമയം പാഴാക്കാതെ ഷെയ്ഖ് ഹസീന രാജ്യം വിട്ടു. അത്ര മാത്രം സങ്കീർണമായിരുന്നു ബംഗ്ലാദേശിലെ സ്ഥിതി. ജൂലൈ ഒന്നിന് ആരംഭിച്ച പ്രക്ഷോഭം പതിയെ അക്രമാസക്തമാവുകയായിരുന്നു.. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കലാപം കൂടുതല്‍ ശക്തമായി,കല്ലും ചെറുവടികളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. എന്നാല്‍ വിദ്യാര്‍ത്ഥികളെ ഇത്രയേറെ പ്രകോപിപ്പിച്ചത് പ്രധാനമന്ത്രി ഷെയ്ക് ഹസീന നടത്തിയ ഒറ്റ പരാമര്‍ശമാണ്. ‘റസാക്കാര്‍’. ‘സ്വാതന്ത്ര്യ സമര പോരാളികളുടെ ചെറുമക്കള്‍ക്ക് ക്വാട്ട ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്, ‘റസാക്കര്‍’മാരുടെ ചെറുമക്കള്‍ക്കോ എന്നായിരുന്നു ജൂലൈ 14 ന് ഷെയ്ഖ് ഹസീന നടത്തിയ പരാമര്‍ശം.
ഹസീനയുടെ വാക്കുകള്‍ തീമഴ പോലെയാണ് സമരമുഖത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പതിച്ചത്, ഇതോടെ ‘ആരാണ് ഞാന്‍, ആരാണ് നീ? ‘റസാക്കാര്‍’, ‘റസാക്കാര്‍’ എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അലയടിച്ചു. ‘റസാക്കാര്‍’ എന്ന വാക്ക് വിദ്യാര്‍ത്ഥികളെ ഇത്രയേറെ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?
അതിനുളള ഉത്തരം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം തരും. ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ് റസാക്കാര്‍, സമര പോരാളികളുടേതല്ല ഒറ്റുകാരുടെ ചരിത്രമാണ് റസാക്കാറുടേതെന്നാണ് ബംഗ്ലാദേശികൾ അടയാളപ്പെടുത്തുന്നത്. 1971 ല്‍ ബംഗ്ലാദേശ് സമരത്തെ അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ സൈന്യം വിന്യസിച്ച അര്‍ദ്ധസൈനിക വിഭാഗമാണ് റസാക്കാര്‍. പാകിസ്ഥാനെ അനുകൂലിക്കുന്ന ഇവര്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നടുക്കുന്ന ഓര്‍മാണ്. ഇവരെ രാജ ദ്രോഹികളായും ഈ പേര് പറയുന്നത് തന്നെ അപമാനമായും ആണ് ബംഗ്ലാദേശ് ജനത കണക്കാക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്നവരെ കൂട്ടക്കൊല ചെയ്തും, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തും റസാക്കാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നമായി മാറി.
രാജ്യം മുഴുവന്‍ കത്തിപ്പടർന്ന ജനരോഷത്തിനു മുന്നില്‍ തലകുനിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന സഹോദരിക്കൊപ്പം ഇന്ത്യയിലേക്ക് വിമാനം കയറിയപ്പോൾ ഇങ് ഡൽഹിയിലും ആധികൾ വർധിക്കുകയാണ് .
ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌ത സുഹൃത്തായിരുന്ന ഹസീനയുടെ പാർട്ടി അവാമി ലീഗ് പൊതുവെ ഇന്ത്യക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചു പോന്നത്. ഇരുരാജ്യങ്ങളും തങ്ങളുടെ സമ്പദ്വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള കണക്റ്റിവിറ്റി പദ്ധതികളിൽ സഹകരിച്ചു പ്രവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവാദപരമായ പ്രശ്‌നങ്ങൾ- ഭൂപ്രദേശം, ജലം പങ്കിടൽ- തുടങ്ങിയവ ഹസീനയുടെ കാലത്താണ് പരിഹരിക്കപ്പെട്ടത്. ഇന്ത്യയുമായുള്ള അടുപ്പവും ഒരുപക്ഷേ, ഹസീനയുടെ ജനപ്രീതി കുറയുന്നതിന് കാരണമായിരുന്നിരിക്കാം.
രൂപീകരണത്തിന് ശേഷവും നിർണായകമായ രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യ നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് സ്ഥാപക നേതാവും ശിഖ സീനയുടെ പിതാവുമായ മുജീബ് റെഹ്‌മാനെയും ഭാര്യയും മൂന്നു മക്കളെയും 1975 ആഗസ്റ്റ് 15ന് സൈന്യം കൊലപ്പെടുത്തിയപ്പോഴും ഇന്ത്യ ഇടപ്പെട്ടു. അന്ന് ജർമ്മനിയിൽ ആയിരുന്നു ഷേക്ക് ഹസീനയ്ക്കും കുടുംബത്തിനും ഇന്ത്യ അഭയം ഒരുക്കി. ഡൽഹി പന്താരാ റോഡിൽ 1981 വരെ ഷെയ്ഖ് ഹസീന കഴിഞ്ഞു. ഊർജ്ജം,പശ്ചാത്തല സൗകര്യം,ആരോഗ്യം തുടങ്ങിയ മേഖലകളിൽ അടുത്ത സഹകരണമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. അവിടുത്തെ ആഭ്യന്തര പ്രതിസന്ധി ഈ സഹകരണത്തെ ബാധിക്കും .
അമേരിക്ക പൊതുവെ ഹസീനയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. 15 വർഷമായി അധികാരത്തിൽ തുടരുന്ന ഹസീനയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെ രാജ്യത്ത് ജനരോഷമുണ്ടായിരുന്നു. കടുത്ത തൊഴിലില്ലായ്മ പ്രശ്‌നം രൂക്ഷമാക്കി. അതിനിടെ, സ്വാതന്ത്ര്യസമര സേനാനികളുടെ പിൻമുറക്കാർക്ക് സംവരണം നിർബന്ധമാക്കിയ കോടതി ഉത്തരവ് എരിതീയിലെ എണ്ണയാവുകയായിരുന്നു. ഉത്തരവ് പിൻവലിച്ചപ്പോഴേയ്ക്കും ഡസൻ കണക്കിന് ആൾക്കാർ കൊല്ലപ്പെട്ടിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിന് തീപിടിച്ചു. അവാമി ലീഗിന്റെ പ്രധാന എതിരാളികളായ ബി.എൻ.പിയും നേതാവ് ബീഗം ഖാലിദ സിയയും ഒരിക്കലും ഇന്ത്യയോട് അത്രയ്ക്ക് അനുഭാവം കാട്ടിയിരുന്നില്ല. അക്കാലത്ത് ഉൾഫ പോലുള്ള തീവ്രവാദി ഗ്രൂപ്പുകൾക്ക് ബംഗ്ലാദേശിൽ താവളമുണ്ടായിരുന്നു. മാത്രമല്ല, മതതീവ്രവാദികളോട് അവർക്ക് തൊട്ടുകൂടായ്മ്‌മയുമില്ല. അതിനാൽ ബി.എൻ.പിയാണ് ഇനി അധികാരമേറുന്നതെങ്കിൽ സാമ്പത്തിക, സുരക്ഷാരംഗങ്ങളിൽ അത്ര ശോഭനമായിരിക്കില്ല ബന്ധം എന്നു തന്നെ കരുതാൻ .
അസ്വസ്ഥമായ അയൽരാജ്യങ്ങളാണ് ചുറ്റും. പാകിസ്താനും മ്യാൻമറും അഫ്ഗാനിസ്‌താനും ശ്രീലങ്കയും. അവയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത് ബംഗ്ലാദേശ് ആയിരുന്നു. കാരണം ഹസീനയും. ബംഗ്ലാദേശിലെ അട്ടിമറി ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാം, ഇത് വ്യാപാരം, സുരക്ഷ, പ്രാദേശിക സഹകരണം എന്നിവയെ ബാധിക്കും. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അട്ടിമറി ഈ ശ്രമങ്ങളെ ദുർബലപ്പെടുത്തുക മാത്രമല്ല, ഇതുവരെ ചെയ്തതൊക്കെ അപ്രസക്തമാക്കുകയും ചെയ്തേക്കാം.
നയതന്ത്രരംഗത്ത് വിദേശമന്ത്രി ഡോ.എസ് ജയശങ്കറിനും സംഘത്തിനും പിടിപ്പതു പണിയാണ് . ഒരു വിഭാഗത്തെയും പിണക്കാതെ, ആരോടും പക്ഷപാതമുണ്ടെന്ന തോന്നൽ വരുത്താതെ മുന്നോട്ടു പോവുകയും ഹസീനയുടെ ഭരണകാലത്ത് ആ രാജ്യത്ത് നടത്തിയ നിക്ഷേപങ്ങൾ- സാമ്പത്തികം മാത്രമല്ല, സാംസ്‌കാരികവും- തകരാതെ നോക്കണം. രാജ്യത്തിന്റെ തന്ത്രപരമായ താൽപ്പര്യങ്ങളും മേഖലയിലെ മറ്റുരാജ്യങ്ങളുമായുള്ള ബന്ധവും ഉപയോഗിച്ച് ബംഗ്ലാദേശുമായുള്ള ബന്ധം സന്തുലിതമായി നിലനിർത്തണം. ശരിക്കും ഒരു ഞാണിൻമേൽ കളി തന്നെ . നിഷ്പക്ഷത വെടിഞ്ഞ് ബംഗ്ലാദേശിൽ ഇടപെടാനോ, നിലപാട് സ്വീകരിക്കാനോ ഇന്ത്യയുടെമേൽ അന്താരാഷ്ട്ര സമ്മർദ്ദമുണ്ടാവാനും സാധ്യതയുണ്ട്. അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയാണ് അധികാരികളെ അലട്ടുന്ന ഒരു പ്രശ്നം. 1971-ലെ അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹമാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ കൊണ്ടുചെന്നെത്തിച്ചത്. രാജ്യത്തിന്റെ വിഭവങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും അത് കനത്ത സമ്മർദ്ദം ചെലുത്തും. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് അഭയാർത്ഥികളെ ഇന്ത്യ സംരക്ഷിക്കുന്നുണ്ട്, മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യകളെ അടക്കം. ഇന്നും ലോകത്തിലേക്കും പട്ടിണിക്കാരുണ്ടെന്നു പറയപ്പെടുന്ന ഇന്ത്യയിൽ കൂടുതൽ അഭയാർത്ഥികളെത്തുന്നത് പൗരൻമാർക്ക് വീതംവെക്കാനുള്ള വിഭവങ്ങളെ കൂടുതൽ പരിമിതപ്പെടുത്തും. ഏതാനും വർഷങ്ങളായി ലോകത്തു തന്നെ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചുവരുന്ന ഇന്ത്യക്ക് ഇത് വലിയ സാമ്പത്തിക വെല്ലുവിളിയുമാകാം. എന്തായാലും കടുത്ത മാനുഷിക പ്രതിസന്ധിയാകാം നമ്മെ കാത്തിരിക്കുന്നത്. 1971-ൽ പാകിസ്‌താൻ പട്ടാളവും ഒറ്റുകാരും ചേർന്ന് ഓപ്പറേഷൻ സെർച്ച്‌ലൈറ്റിലൂടെ കൊന്നൊടുക്കിയത് 30 ലക്ഷത്തോളം ബംഗ്ലാദേശുകാരെയാണ്. ഭീകരത സഹിക്കാതെ ഇന്ത്യയിലേക്ക് പലായനം
ചെയ്തത് ഒരു കോടിയോളം മനുഷ്യർ.. ബംഗ്ലാദേശിലെ പുതിയ സർക്കാരിൽ മതമൂലികവാദികൾക്ക് നിർണായ സ്വാധീനം ഉണ്ടായിരിക്കുമെന്ന് ഉറപ്പായതിനാൽ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് തിരിച്ചടിയാണ്.