തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് … ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കരകയറി വന്ന കടൽ തിരുവനന്തപുരത്തെ തീരദേശത്ത് കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി തീരദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കേരളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണ്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണായുമാണ് ഈ സമയത്ത് തിരമാലകള്‍ ആഞ്ഞടിക്കുക.
കണ്ണൂരിൽ കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിലെ വിനോദ സഞ്ചാര പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. നിലവിൽ മുഴുപ്പിലങ്ങാട് ഫ്ളോട്ടിംങ് ബ്രിഡ്ജ് ഡിടിപിസിയുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റിയിട്ടുണ്ട്.തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണം ഉണ്ടായ തൃശ്ശൂർ പെരിഞ്ഞനം ബീച്ചിൽ വെള്ളം ഇറങ്ങി തുടങ്ങി. രാത്രി ശക്തമായി തിരയടിച്ചെങ്കിലും വീടുകളിൽ വെള്ളം കയറിയില്ല. മത്സ്യബന്ധനത്തിനുള്ള വലകൾക്ക് കേടുപാട് സംഭവിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം നൽകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്തെ തീരദേശത്ത് ഭീഷണിയായി തുടരുകയാണ്. ആശങ്കപ്പെടാനില്ലെന്നും കടൽ ഉൾവലിയാനും തീരത്തേക്ക് തിരയടിച്ച് കയറാനും സാധ്യതയുള്ളതിനാൽ ജാഗ്രപാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.