തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വീണ്ടും. അടുത്ത ദിവസങ്ങളിൽ കൊല്ലം തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്നാണ് പ്രവചനം. അതിനിടെ മെയ് 2 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
ഇതിനിടെ പാലക്കാട് സൂര്യാതപമേറ്റ് ഒരു സ്ത്രീ മരിച്ചതോടെ ജില്ലയിൽ ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിർജലീകരണം മൂലം രണ്ടുപേരാണ് പാലക്കാട് മരിച്ചത്.
അതേസമയം, മെയ് 2 വരെ 12 പാലക്കാട്, കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ്, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി വരെ കൂടുതൽ താപനിലയാണിത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മെയ് 2 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 28, 29 തീയതികളിൽ ഉഷ്‌ണതരംഗത്തിനും സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.