തല പുകയ്ക്കുകയാണ് ദേശീയ നേതൃത്വം. അടി മുറുകി കോൺഗ്രസിൽ എന്തും സംഭവിക്കാം എന്ന സാഹചര്യം ആണുള്ളത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് നിർബന്ധം പിടിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് സുധാകരൻ ദീപ ദാസ് മുൻഷിയെ അറിയിച്ചു. അതേസമയം കെപിസിസി അധ്യക്ഷനെ വിശ്വാസത്തിൽ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കി.
പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിൽ വിശ്വാസക്കുറവ് ഉള്ളതുകൊണ്ടാണ് നേതാക്കളെ അവർ ഒറ്റക്കെ ഒറ്റയ്ക്ക് കാണുന്നതെന്നാണ് അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതോടെ സംസ്ഥാന കോൺഗ്രസിൽ നേതൃത്വം രൂക്ഷമായി.
സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയിൽ എഐസിസി ജനറൽ സെക്രട്ടറിയും കടുത്ത അതൃപ്തിയിലാണ്.കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കിയത്. അധ്യക്ഷസ്ഥാനത്ത് തുടരാൻ കെ സുധാകരൻ അയോഗ്യനാണെന്ന് വി ഡി സതീശൻ നേതൃത്വത്തെ അറിയിച്ചു.
വി ഡി സതീഷന്റെ ഏകാധിപത്യ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർന്ന രാഷ്ട്രീയകാര്യസമിതി യോഗശേഷമാണ് സുധാകരനെ മാറ്റണമെന്ന് ആവശ്യവുമായി അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപസ് മുനിഷിയെ കണ്ടത് . ഇതറിഞ്ഞപാടെ അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യും കെട്ടി ഇരിക്കില്ലെന്നും, പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയാൽ താൻ പറന്നു പോകില്ലെന്നും കെ സുധാകരൻ തുറന്നടിച്ചു. സുധാകരൻ ഏറ്റവും പ്രാപ്തനായ പ്രസിഡന്റ് ആണെന്ന് പ്രതികരിച്ചാണ് ചെന്നിത്തല തന്റെ സുധാകര അനുകൂല നിലപാട് വ്യക്തമാക്കിയത്.
സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാൽ സാമുദായിക സമവാക്യങ്ങളിൽ വിള്ളൽ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട് .അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താൻ ആന്റോ ആന്റണിയും നീക്കം സജീവമാക്കിയിട്ടുണ്ടെന്നാണ് സൂചന . പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം എന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും അവകാശവാദം ഉന്നയിച്ചു.
അതേസമയം തിരുവനന്തപുരം നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ചതിനു ശേഷം അക്കാര്യം പരിഗണിക്കാം എന്നായിരുന്നു എഐസിസി പ്രതിനിധികളുടെ മറുപടി. വി എസ് ശിവകുമാർ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കളും അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. നേതൃത്വത്തിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായഭിന്നതകളിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും കടുത്ത അതൃപ്ത്തിയിൽ ആണെന്നാണ് വിവരം.
എന്തായാലും സംസ്ഥാന കോൺഗ്രസ് തലപ്പത്ത് കെ.സുധാകരനും വി.ഡി.സതീശനും വേണ്ടത്ര ഐക്യത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നില്ലെന്ന് ഹൈക്കമാൻഡ്. സുധാകരനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോൾ സതീശൻ പിന്തുടരുന്ന കർക്കശ രീതി ചില ഘട്ടങ്ങളിലെങ്കിലും ഗുണകരമല്ലെന്ന വിലയിരുത്തലുണ്ട്.
രാഷ്ട്രീയകാര്യ സമിതി നേരത്തേ മാറ്റിവച്ചതും കഴിഞ്ഞ ദിവസം സംയുക്ത വാർത്താസമ്മേളനം നടത്താൻ ഇരു നേതാക്കളും തയാറാകാതിരുന്നതും അനൈക്യത്തിന്റെ തെളിവായി ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കൾ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണു നേതൃത്വത്തിന്റെ നിലപാട്. തന്റെ മാത്രം പ്രശ്നമായി ചിത്രീകരിക്കുന്നതിൽ സുധാകരന് നീരസമുണ്ട്. മാറ്റുന്നെങ്കിൽ 2 പേരെയുമെന്ന് ചിലർ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ നിർദേശിക്കുക വരെ ചെയ്തു. കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ സഹിതമുള്ള റിപ്പോർട്ട് ദീപ ദാസ്മുൻഷി ദേശീയ നേതൃത്വത്തിനു കൈമാറും. ആരെ മാറ്റണം, ആരെ നിലനിർത്തണം എന്നീ കാര്യങ്ങളിലുള്ള അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അക്കാര്യത്തിൽ സംസ്ഥാന നേതൃത്വം സമ്മർദം ചെലുത്തേണ്ടെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്.
പാർട്ടിക്കുള്ളിൽ ഐക്യമുറപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷവും നേതൃതലത്തിലെ ഭിന്നത തുടരുന്നതിൽ ദീപ ദാസ്മുൻഷി അമർഷത്തിലാണ്. പോരടിക്കുന്നവർക്കിടയിൽ റഫറിയെ പോലെ നിൽക്കേണ്ട അവസ്ഥയിലാണു താനെന്ന പരിഭവത്തിലാണ് അവർ. ഐക്യമില്ലെങ്കിൽ താൻ ചുമതലയിൽ തുടരുന്നതിൽ അർഥമില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ തുറന്നടിച്ച അവർ, പിന്നീട് നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ടപ്പോഴും അതൃപ്തി പ്രകടമാക്കി.
തിരഞ്ഞെടുപ്പുകൾക്കു പാർട്ടിയെ സജ്ജമാക്കാൻ ഈ മാസമവസാനമോ ഫെബ്രുവരിയിലോ ഏകദിന ശിൽപശാല വിളിച്ചുചേർക്കാൻ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായിരുന്നു. അക്കാര്യമടക്കം അറിയിക്കാനാണു സംയുക്ത വാർത്താസമ്മേളനം നിശ്ചയിച്ചത്. എന്നാൽ, നേതാക്കൾ ഒന്നിച്ചിരിക്കാൻ തയാറാകാത്തതിനാൽ, തീരുമാനം ഔദ്യോഗികമായി അറിയിക്കാൻ പോലും പാർട്ടിക്കായിട്ടില്ല. എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന ഹൈക്കമാൻഡ് നിർദേശം നിലവിലെ സ്ഥിതിയിൽ പാലിക്കപ്പെടാനുള്ള സാധ്യതയും വിദൂരം.