സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം. സമസ്ത നേതാവിനെ പുറത്താക്കണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ

ക്രിസ്മസ് ദിനത്തിലെ കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഹമീദ് ഫൈസിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം . സമസ്തയിലെ ലീഗ് അനുകൂല വിഭാഗമാണ് ഹമീദ് ഫൈസിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി.

പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. സമസ്തയിലെ 25 നേതാക്കള്‍ ഒപ്പിട്ട കത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മുശാവറ തീരുമാനത്തിന് എതിരെ ഹമീദ് ഫൈസി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചെമ്മാട് ദാറുൽ ഹുദായിൽ വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേതാക്കൾ ജിഫ്രി തങ്ങൾക്ക് കത്ത് നൽകിയത്. സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹമീദ് ഫൈസിയ്ക്കെതിരെ ഒരുവിഭാഗം പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്‌ലിം ലീഗ് വിരുദ്ധനേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.

മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗവും സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുള്‍ ജലീല്‍ സഖാഫി പറഞ്ഞു.

എന്നാല് ഹമീദ് ഫൈസിയുടെ വിമർശനത്തിൽ മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

ഹമീദ് ഫൈസിയുടെ വിമര്‍ശനത്തിന് പിന്നാലെ സാദിഖലി തങ്ങള്‍ക്ക് പിന്തുണയുമായി എസ്.എസ്.എഫ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും രംഗത്തെത്തിയിരുന്നു. കെയ്ക്ക് ആചാരത്തിന്റെ ഭാഗമായി കഴിച്ചാല്‍ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാല്‍ കുഴപ്പമില്ലെന്നുമായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്റെ വാദം.

പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ എന്നും അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്കെന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ടുള്ള മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എംഎ സലാമിൻ്റെ വിമർശനം.

ഇതിന് പിന്നാലെ പ്രതികരണത്തിൽ വിശദീകരണവുമായി ഹമീദ് ഫൈസിയും രംഗത്ത് വന്നിരുന്നു. വാക്കുകൾ വളച്ചൊടിച്ചുവെന്നായിരുന്നു ഹമീദ് ഫൈസിയുടെ വിശദീകരണം. സാദിഖലി തങ്ങൾക്കോ ലീഗിനോ എതിരെ പറഞ്ഞിട്ടില്ലെന്നും സാദിക്കലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. പ്രസംഗത്തിൽ ഇനി സൂക്ഷ്മത പുലർത്തുമെന്നും സാദിഖലി തങ്ങൾ പുരോഹിതന്മാരെ കണ്ടതിൽ തെറ്റില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. സമസ്ത എന്നും മതേതര നിലപാടിനൊപ്പമാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കിയിരുന്നു.

അതേസമയം ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഈ വിഷയമാണ് ഇപ്പോൾ സമസ്തയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് നേരത്തെ സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രേക്ഷകർ കാത്തിരുന്ന കോംബോ. വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു

പൊല്ലാതവൻ, ആടുകളം, അസുരൻ, വടചെന്നൈ എന്നിങ്ങനെ നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത...

കോൺഗ്രസ്സുകാർ ജാഗ്രത കാണിക്കണം. മുന്നറിയൂയിപ്പുമായി മുല്ലപ്പള്ളി

പി വി അൻവറിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ് ത്രിണമൂൽ കോൺഗ്രസ്സ്. MLA...

വി ഡി സതീശൻ നയിക്കും. യു ഡി എഫ് മലയോര പ്രചാരണ യാത്ര 27 മുതൽ.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും നിവാസികളെയും രക്ഷിക്കുക എന്ന മുദ്രാവാക്യം...

കല്ലറ പൊളിക്കാൻ അനുവദിക്കില്ല. സ്ഥലത്ത് നാടകീയ രംഗങ്ങൾ

ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപെട്ടു സ്ഥലത്തു നാടകീയ രംഗങ്ങൾ...