ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്‍റിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും. സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഹൗസ് ഓഫ് കോമൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ 46 ദശലക്ഷത്തിലേറെ പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 40,000ത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. സുനകും ഭാര്യ അക്ഷത മൂർത്തിയും വടക്കൻ ഇംഗ്ലണ്ടിലെ റിച്ച്മണ്ടിനടുത്തുള്ള നോർത്ത് യോർക്ക്ഷെയറിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ കെയിർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ഉത്തര ലണ്ടനിലെ കാംഡനിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തു.