കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും എൽഡിഎഫിൽ വേണ്ടത്ര ചർച്ചയോ നയപരമായ തീരുമാനമോ ഇല്ലാതെയെന്ന് വിമർശനം. ഈ വിഷയത്തിൽ എൽഡിഎഫിൽ ആലോചന നടന്നെന്നും തീരുമാനം എടുത്തെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പരാമർശം മാത്രമാണ് ഏതാനും മാസം മുൻപു നടന്ന മുന്നണി യോഗത്തിൽ ഉണ്ടായതെന്നും ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ഘടകകക്ഷികൾ വ്യക്തമാക്കുന്നു. ഫലത്തിൽ എലപ്പുള്ളിയിൽ മദ്യ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയതു പോലെ കിഫ്ബി ടോളിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയാണ് സിപിഎം നേതൃത്വത്തിന്റെ നീക്കമെന്നു വ്യക്തം. എങ്കിലും ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിനു ഘടകകക്ഷികൾ തയാറല്ല. മുന്നണിയിലെ തിരുത്തൽ ശക്തിയാകാൻ ആഗ്രഹിക്കുന്ന സിപിഐയും മൗനത്തിൽ തന്നെ. പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയം ചർച്ച ചെയ്തോയെന്ന് ഓർമയില്ലെന്നാണു മുൻമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.കേന്ദ്ര സർക്കാർ കേരളത്തിന് ആവശ്യമായ ധനസഹായം നൽകാത്തതിനെതിരായ പ്രക്ഷോഭം ചർച്ച ചെയ്യാനായി ചേർന്ന എൽഡിഎഫ് യോഗത്തിലാണു കിഫ്ബി ബാധ്യത പരാമർശിക്കപ്പെട്ടത്. കിഫ്ബി വായ്പയുടെ ബാധ്യത കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും അതിനാൽ കിഫ്ബി പദ്ധതികളിൽനിന്നു വരുമാനം കണ്ടെത്തുന്നതു ഭാവിയിൽ പരിഗണിക്കേണ്ടി വരുമെന്നുമായിരുന്നു സിപിഎം നേതൃത്വത്തിൽ നിന്നുള്ള പരാമർശം. പെട്ടെന്നു തീരുമാനം ആവശ്യമില്ലാത്ത വിഷയമായതിനാൽ അതിൽ ചർച്ച ഉണ്ടായില്ലെന്നാണു ഘടകകക്ഷി നേതാക്കൾ നൽകുന്ന വിവരം.
അതേസമയം കിഫ്ബി ടോൾ പിരിവ് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം വച്ചത് മുഖ്യമന്ത്രിയാണ്. മാസങ്ങൾക്ക് മുൻപുള്ള എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ട് വെച്ചത്. കേന്ദ്രം സാമ്പത്തികമായ ഞെരുക്കം കേരളത്തിനോട് കാണിക്കുന്നുവെന്നും ആവശ്യമായ സഹായം നൽകുന്നില്ലെന്നും കിഫ്‌ബി വഴി എടുത്ത വായ്പ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി മാറ്റുന്നുവെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു. ഇതോടെ കിഫ്‌ബി വഴി പണം എടുക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറിയെന്നും ഈ പശ്ചാത്തലത്തിൽ കിഫ്ബ് വഴി നിർമ്മിച്ച സംവിധാനങ്ങൾ വഴി പണം കണ്ടെത്താനുള്ള ശുപാർശ കിഫ്ബിയുടെ ഭാഗത്ത് നിന്ന് വന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനുള്ള ആലോചനങ്ങൾ നടക്കുന്നുവെന്നും അന്തിമ തിരുമാനമാകുമ്പോൾ അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ഘടകകക്ഷികൾ ആരും എതിർപ്പ് രേഖപ്പെടുത്തിയില്ല എന്നും സിപിഎം അവകാശപ്പെടുന്നുണ്ട്…
എന്നാൽ കിഫ്ബിക്കു വരുമാനം ഉറപ്പാക്കാനായി ടോൾ പിരിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ ഉറപ്പിനു വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു സംസ്ഥാനത്ത് ടോൾ പിരിവ് നിർത്തലാക്കുന്നതിനു തുടക്കമിട്ടത്. ഒന്നാം പിണറായി സർക്കാരിലെ മന്ത്രി ജി.സുധാകരൻ ടോൾ പൂർണമായി നിർത്തി. ഇതെല്ലാം തകിടംമറിച്ചാണ് ഇപ്പോഴത്തെ നീക്കം.ദേശീയപാതയ്ക്കു സമാനമായ ദീർഘദൂര റോഡുകളിൽ മാത്രം ടോൾ പിരിക്കാമെന്നാണു പഠന റിപ്പോർട്ടിലെ നിർദേശം. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഏതെങ്കിലുമൊരു റോഡിൽ നടപ്പാക്കാനും നിർദേശിക്കുന്നു. നിരക്ക് ദേശീയപാതയിലേതിനെക്കാൾ കുറവായിരിക്കും. നിലവിൽ നിർമിക്കുന്ന റോഡുകളിൽ മതിയോ, നേരത്തേ പൂർത്തിയാക്കിയവയിലും വേണോ എന്നൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് കിഫ്ബി അധികൃതർ അറിയിച്ചു. ഏതൊക്കെ റോഡുകൾ വേണമെന്നു സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞു.
ദേശീയപാതകളിലേതു പോലെ കിഫ്ബി റോഡുകളിലും ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഇടതുനയത്തിനു വിരുദ്ധവുമാണ്.. .ദേശീയപാതകളിലെ ടോൾ പിരിവിനെ അതിരൂക്ഷമായി വിമർശിച്ച പാർട്ടിയാണ് സി.പി.എം. മഹാരാഷ്ട്രയിലും മറ്റും ദേശീയപാതയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കും നേതൃത്വംനൽകിയിട്ടുമുണ്ട്.
കേരളത്തിൽ ദേശീയപാതാ വികസത്തിനുള്ള ചർച്ചകൾ തുടങ്ങിയ വേളയിലും ടോൾ പിരിവിനെ സി.പി.എം. എതിർത്തിരുന്നു. ഇതിനെല്ലാം പുറമേ, ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന ജി. സുധാകരൻ സംസ്ഥാനപാതകളിൽ ടോൾ വേണ്ടെന്നും തീരുമാനിച്ചു. ഇങ്ങനെ, ഏറെക്കാലമായി സി.പി.എം. പിന്തുടരുന്ന നയത്തിലാണ് ഇപ്പോഴത്തെ പൊളിച്ചെഴുത്ത്.
2019 ജൂൺ 14-ന് നിയമസഭയിൽ, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽനിന്ന് വരുമാനം ലഭ്യമാക്കാൻ യൂസർഫീയോ ടോളോ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. ടോൾ പിരിവ് ഉൾപ്പെടെയുള്ള വരുമാനമാർഗങ്ങളാവാമെന്ന് കിഫ്ബി നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ പ്രഖ്യാപിത നയമനുസരിച്ചായിരുന്നു കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിന്റെ മറുപടി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും ടോൾ പിരിവിനെതിരേ നിലപാട് വ്യക്തമാക്കി സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ റോഡ് ടോൾ ടാക്സ് അഞ്ചുശതമാനമായി കേന്ദ്രസർക്കാർ വർധിപ്പിച്ചെന്നും ജനങ്ങളുടെ യാത്രച്ചെലവിനു പുറമേ, നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുമെന്നും വിമർശിച്ചു. 2024 ജൂൺ മൂന്നിനാണ് ഈ പ്രസ്താവന.
ഈ നിലപാടുകളെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാരിന്റെ നയംമാറ്റം. 50 കോടിയിലേറെ മുതൽമുടക്കി നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സാധ്യതാപഠനം നടത്തുകയാണ് കിഫ്ബി. വരുമാനമാർഗമുണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഉന്നതതലയോഗത്തിന്റെ അനുമതി.